ആന്ധ്രയില്‍ ട്രെയിനില്‍ തീപിടുത്തം;26 മരണം.

Nanded-Bangalore_Eഅനന്തപൂര്‍: ആന്ധ്രാപ്രദേശില്‍ നന്ദേദ്-ബാംഗ്ലൂര്‍ എക്‌സ്പ്രസ്സ് ട്രെയിനില്‍ തീപിടിച്ച് 26 പേര്‍ മരിച്ചു. മരിച്ചവരില്‍ 3 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം നടന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

ട്രെയിനിലെ സെക്കന്റ് എസി ബോഗിക്കാണ് തീപിടിച്ചത്. ബോഗിയില്‍ ഈ സമയത്ത് 64 നാലോളം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. അതെസമയം എന്താണ് തീപിടിക്കാനുണ്ടായ കാരണം എന്ന് വ്യക്തമായിട്ടില്ല. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കനത്ത മൂടല്‍ മഞ്ഞും വെളിച്ചക്കുറവും അപകടം നടന്നയുടെയുള്ള രക്ഷപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കിയിരുന്നു.

അനന്തപൂര്‍ ജില്ലയിലെ പുട്ടപര്‍ത്തിയില്‍ വെച്ചാണ് ട്രെയിനിന് തീപിടിച്ചത്. തീപിടുത്തത്തില്‍ പരുക്കേറ്റവരെ പുട്ടപര്‍ത്തിയിലെ ധര്‍മ്മടം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി ബംഗളൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിനിലാണ് അപകടമുണ്ടായത്.

മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് റെയില്‍വെ മന്ത്രി മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെ പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെയിന്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ദുഃഖം രേഖപ്പെടുത്തി.

തീപിടുത്തത്തെ കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേ മന്ത്രാലയം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.