ടിപി വധം റിമാന്റിലുള്ള മോഹനന്‍ ഭാര്യയെ റസ്‌റ്റോറന്റില്‍ കണ്ടു

p-mohanan-kk lathikaകോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം മോഹനന്‍ കെ കെ ലതിക എംഎല്‍എയ്‌ക്കൊപ്പം റസ്റ്റോറന്റില്‍ സംസാരിച്ചത് വിവാദമാകുന്നു. ജയിലില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ചികിത്സയ്ക്കായി കൊണ്ടുവരവെ കോളേജിന് സമീപത്തുള്ള ഹോട്ടലില്‍ വെച്ചാണ് ഇവര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. വ്യാഴാഴിച്ച രാവിലെയാണ് സംഭവം. സംഭവം വിവാദമായതോടെ അകമ്പടി വന്ന കോഴിക്കോട് എആര്‍ ക്യാമ്പിലെ എഎസ്‌ഐയെയും സീനിയര്‍ സിവില്‍പോലീസ് ഓഫീസറെയും സസ്‌പെന്റ് ചെയ്തു.

ടിപി വധക്കേസില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് റിമാന്റില്‍ കഴിയുകയാണ് മോഹനന്‍.

മാധ്യമങ്ങളില്‍ മോഹനനും ഭാര്യ കെകെ ലതികയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ്സ് നേതാക്കള്‍തന്നെ പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് നടത്തിയിരിക്കുന്നത്. പോലീസ് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു.

പുറത്തുവന്ന ദൃശ്യങ്ങള്‍ ഞെട്ടിപ്പക്കുന്നതാണെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ പ്രതികരിച്ചു. കൊലക്കേസില്‍ പ്രതിയായ ഒരാള്‍ക്കാണ് പോലീസ് ഇത്തരത്തിലുള്ള ഒത്താശ ചെയ്തുകൊടുത്തതെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും രമ ആവശ്യപ്പെട്ടു.

അസുഖമായതിനാലാണ് മോഹനനെ കാണാന്‍ പോയതെന്നും ആരും തന്നെ വിളിച്ചതല്ല. റസ്‌റ്റോറന്റിലുണ്ടെന്നറിഞ്ഞപ്പോള്‍ സ്വമേധയാ പോയതാണെന്നുമുള്ള വിശദീകരണമാണ് കെകെ ലതിക എംഎല്‍ നല്‍കിയത്. മോഹനെ കാണാന്‍ പോലീസ് തന്നെ സഹായിച്ചിട്ടില്ലെന്നും ലതിക പറഞ്ഞു.

 

കടപ്പാട്:ഫോട്ടോ ഇന്ത്യാവിഷന്‍