മംഗലത്ത് 3 സീറ്റുകളിലും ഇടതുപിന്തുണയോടെ വികസനമുന്നണി വിജയിച്ചു

തിരൂര്‍ : മലപ്പുറം ജില്ലയിലെ തീരദേശ ഗ്രാമപഞ്ചായത്തുകളില്‍ ഒന്നായ മംഗലത്ത് നടന്ന വാര്‍ഡ് തല ഉപതെരഞ്ഞടുപ്പില്‍ 3 സീറ്റുകളിലും വികസന മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഒന്നാം വാര്‍ഡില്‍ സി പി ഷുക്കൂര്‍ 152 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 18 ാം വാര്‍ഡില്‍ എംവി ഹുസൈന്‍ 97 വോട്ടുകള്‍ക്കും ഇഞ്ചോട് ഇഞ്ച് പോരാട്ടം നടന്ന ഇരുപതാം വാര്‍ഡില്‍ ഷിഹാബുദ്ദീന്‍ 10 വോട്ടുകള്‍ക്കുമാണ് വിജയിച്ചത്.

ഇരുപത് വാര്‍ഡുകളുള്ള മംഗലം ഗ്രാമപഞ്ചായത്തില്‍ 14 അംഗങ്ങള്‍ യുഡിഎഫിനും, ആറ് അംഗങ്ങള്‍ എല്‍ഡിഎഫിനുമുണ്ടായിരുന്നു. ഭരണത്തിലിരിക്കുന്ന യുഡിഎഫിലെ പ്രധാന കക്ഷിയായ മുസ്ലീം ലീഗിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 3 പേര്‍ രാജി വെച്ച ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് വിമത പക്ഷത്തു നിന്നുള്ള 3 പേരും ഇടതു പിന്തുണയോടെ വികസന മുന്നണി എന്ന ബാനറില്‍ ജയിച്ചു വന്നത്. രാജിവെച്ചവരില്‍ ഷിഹാബുദ്ദീനും, ഹുസൈനുമാണ് വീണ്ടും മല്‍സരിച്ചത്. ഒന്നാം വാര്‍ഡില്‍ നിന്ന് വിജയിച്ച ഷുക്കൂര്‍ മുന്‍ ബ്ലോക് പഞ്ചായത്തംഗമാണ്. ഇതോടെ മംഗലം പഞ്ചായത്തിലെ കക്ഷി നില യുഡിഎഫ് 11, ഇടതു – വികസന മുന്നണി 9.