സെക്രട്ടറിയേറ്റിനു മുന്നില്‍ യുവാക്കളുടെ ആത്മഹത്യ ഭീഷണി 

തിരുവനന്തപുരം: റാങ്ക്‌ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ആത്മഹത്യാ ഭീഷണിയുമായി ആറ്‌ യുവാക്കള്‍ സെക്രട്ടറിയേറ്റ്‌ നടയില്‍ . റിസര്‍വ്‌ ബറ്റാലിയന്‍ റാങ്ക്‌ ഹോള്‍ഡേര്‍സാണ്‌ യുവാക്കള്‍. സെക്രട്ടറിയേറ്റിന്‌ മുന്നിലുള്ള മരത്തിലും സമീപത്തെ കാര്‍ഷിക സഹകരണ ബാങ്ക്‌ സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിന്റെ മുകളിലും നിന്നാണ്‌ യുവാക്കള്‍ ജീവനൊടുക്കുമെന്ന്‌ ഭീഷണി മുഴക്കുന്നത്‌.

കഴിഞ്ഞ ആറു ദിവസമായി ഇവര്‍ സെക്രട്ടറിയേറ്റ്‌ പടിക്കല്‍ പ്രതിഷേധ സമരം നടത്തുകയായിരുന്നു ഇവര്‍. എന്നാല്‍ സമരത്തോട്‌ സര്‍ക്കാര്‍ മുഖം തിരിച്ചതോടെയാണ്‌ യുവാക്കള്‍ ആത്മഹത്യ ഭീഷണയുമായി രംഗത്തെത്തിയത്‌. മുഖ്യമന്ത്രി രേഖാമൂലം നിയമന ഉറപ്പ്‌ നല്‍കണമെന്നാണ്‌ ഇവരുടെ ആവശ്യം.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത്‌ പുറത്തിറക്കിയ റാങ്ക്‌ പട്ടികയില്‍ 570 പേരാണ്‌ ഉള്‍പ്പെട്ടിട്ടുള്ളത്‌. കഴിഞ്ഞ ദിവസം ഇവര്‍ നിയമസഭയുടെ മുന്നില്‍ നിന്നും സെക്രട്ടറിയേറ്റ്‌ വരെ ശയന പ്രദക്ഷിണം നടത്തിയിരുന്നു.