താനൂര്‍ തീരദേശ ഹൈവേ യാഥാര്‍ത്ഥ്യമാകുന്നു; രൂപരേഖ തയ്യാറാക്കും 

താനൂര്‍: ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന്‌ വിരാമമിട്ട്‌ ഉണ്യാല്‍ മുതല്‍ ഒട്ടുംപുറം വരെയുള്ള തീരദേശ ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖ തയ്യാറാക്കുന്നു. 2-ാം റീച്ച്‌ നിര്‍മ്മാണത്തിനുള്ള രൂപരേഖയാണ്‌ തയ്യാറാക്കുന്നത്‌. നിറമരുതൂര്‍ വില്ലേജില്‍പ്പെട്ട സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട സമവായയോഗം നിറമരുതൂര്‍ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്നു. വി. അബ്‌ദുറഹിമാന്‍ എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്‌ട്രീയ പ്രതിനിധികളും പങ്കെടുത്തു. തീരദേശ ഹൈവേ യാഥാര്‍ത്ഥ്യമാക്കാന്‍ യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. നിലവില്‍ 25 മീറ്റര്‍ വീതിയിലാണ്‌ റോഡ്‌ നിര്‍മ്മിക്കാന്‍ ദേശീയപാതാ വിഭാഗം തീരുമാനിച്ചിരിക്കുന്നത്‌. എന്നാല്‍ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ വീതി കുറക്കാനും തീരുമാനമായി.

പദ്ധതി നടപ്പിലാക്കുന്നതിന്‌ ജനകീയ കമ്മിറ്റിക്ക്‌ രൂപം നല്‍കി. നിറമരുതൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെയര്‍മാനും വില്ലേജ്‌ ഓഫീസര്‍ കണ്‍വീനറുമാണ്‌. യോഗത്തില്‍ നിറമരുതൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹറ റസാഖ്‌, പഞ്ചായത്തംഗങ്ങളായ കെ.ടി. ശശി, പി.പി. സെയ്‌തലവി, ഹസനത്ത്‌, സുഹറാബി, ബ്ലോക്ക്‌ പഞ്ചായത്തംഗം അശോകന്‍ അലാറ്റില്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഹനീഫ മാസ്റ്റര്‍, അലിക്കുട്ടി, പി.സി. ഹരിദാസന്‍, എ. മോഹനന്‍, ദേശീയപാതാ എക്‌സിക്യൂട്ടീവ്‌ എഞ്ചിനിയര്‍ കെ. മുഹമ്മദ്‌ ഇസ്‌മായില്‍, അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനിയര്‍ സി.എന്‍. ദിനേശന്‍, അസിസ്റ്റന്റ്‌ എഞ്ചിനിയര്‍ ഗോപന്‍ മുക്കുളത്ത്‌ തുടങ്ങിയവര്‍ പങ്കെടുത്തു. താമസിയാതെ താനൂര്‍ നഗരസഭയിലെ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്‌.