തമിഴ് ചിത്രങ്ങളുടെ റിലീസ് മൂന്ന് മാസത്തേക്ക് മരവിപ്പിച്ചു

images (2)സിനിമാ വ്യവസായത്തെ വന്‍ തോതില്‍ ബാധിച്ചിരിക്കുന്ന വ്യാജ സിഡികളെ നിയന്ത്രിക്കാന്‍ മൂന്നുമാസം റിലീസ് നിര്‍ത്തിവെക്കാന്‍ തമിഴ് സിനിമാ നിര്‍മാതാക്കളുടെ തീരുമാനം. റലീസ് നിര്‍ത്തിവെക്കുന്നതോടെ വ്യാജ സിഡി നിര്‍മാതാക്കളുടെ ബിസിനസ് തകരുമെന്നും അവര്‍ വേറെ ജോലിയന്വേഷിക്കുമെന്നുമാണ് സംഘടനയുടെ വിലയിരുത്തല്‍. വ്യാജ സിഡി ഇറക്കുന്നവരെ തടയാന്‍ മറ്റൊരു മാര്‍ഗവും ഇല്ലെന്നും നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ റിലീസ് ഇല്ലാതെ വരുമ്പോള്‍ വ്യാജ സിഡികളും സ്വാഭാവികമായും ഇല്ലാതാകും. മൂന്നുമാസത്തേക്കാണ് ഇത്തരത്തിലൊരു പരീക്ഷണത്തിന് മുതിരാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

വ്യാജ സിഡി ലോബി സിനിമാ വ്യവസായത്തിന് വന്‍ ഭീഷണിയാണെന്ന് സംഘടന വിലയിരുത്തി. സിനിമ പുറത്തിറങ്ങുമ്പോള്‍ത്തന്നെ വ്യാജ സിഡിയും പ്രേക്ഷകരിലെത്തുന്നതിനാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സിനിമാ വ്യവസായം നഷ്ടത്തിലാണെന്ന് പമുഖ നിര്‍മ്മാതാവായ കലൈപുലി എസ് താണു പറഞ്ഞു. ആയതിനാല്‍ പരീക്ഷണമെന്ന രീതിയിലാണ് റിലീസ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം റിലീസിങ് നിര്‍ത്തിവെച്ചുകൊണ്ട് വ്യാജ സിഡി തടയാമെന്നത് വിഡ്ഡിത്തമാണെന്ന് മറ്റൊരു നിര്‍മാതാവ് പറഞ്ഞു. റിലീസിങ് പുന:രാരംഭിക്കുമ്പോള്‍ വ്യാജന്‍മാരും രംഗത്തെത്തും. മൂന്നുമാസത്തേക്ക് റിലീസിങ് നിര്‍ത്തിവെക്കുന്നത് സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടെ ജീവിതമാര്‍ഗം തടയുന്നതിന് തുല്യമാണെന്നും നിര്‍മാതാവ് വ്യക്തമാക്കി.