സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു

തിരുവനന്തപുരം:വിവാദമായ സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെ ജസ്റ്റിസ് ജി ശിവരാജനും സെക്രട്ടറി പി എസ് ദിവാകരനും നേരില്‍കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.  ജുഡീഷ്യല്‍ കമീഷനുകളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്തതെന്ന് വിശേഷിപ്പിക്കാവുന്ന അന്വേഷണകമീഷന്റെ കാലാവധി 27ന് അവസാനിക്കാനിരിക്കെയാണ് അതിന് തൊട്ടുമുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

2015 ജനുവരി 12 ന് ആരംഭിച്ച സാക്ഷിവിസ്താരം 2017 ഫെബ്രുവരി 15 നാണ് അവസാനിച്ചത്. 216 സാക്ഷികളെയാണ് വിസ്തരിച്ചത്. 893 രേഖകള്‍ കമ്മീഷന്‍ അടയാളപ്പെടുത്തി.മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിക്ക് കമീഷനുമുന്നില്‍ തുടര്‍ച്ചയായി 14 മണിക്കൂര്‍ മൊഴി നല്‍കേണ്ടിവന്നു. ആകെ 56 മണിക്കൂറാണ് കമീഷന്‍ ഉമ്മന്‍ചാണ്ടിയെ വിസ്തരിച്ചത്. സരിത എസ് നായരെ 16 ദിവസങ്ങളിലായി 66 മണിക്കൂര്‍ വിസ്തരിച്ചു. ബിജു രാധാകൃഷ്ണനുമായി തെളിവു ശേഖരിക്കാന്‍ കോയമ്പത്തൂര്‍ക്ക് പോയത് വലിയ വിവാദങ്ങള്‍ക്കിടയാക്കി.