കടകളില്‍ നിന്നും ജീവനക്കാരെ കബളിപ്പിച്ച് പണംതട്ടി

വള്ളിക്കുന്ന്/പരപ്പനങ്ങാടി: വള്ളിക്കുന്നിലും പരപ്പനങ്ങാടിയിലും കടകളിലെ ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടിയെടുത്തു. തട്ടിപ്പു നടത്തിയ സമയത്ത് കടകലില്‍ ഉടമസ്ഥര്‍ ഉണ്ടായിരുന്നില്ല. കടയുടമയെ പരിചയമുണ്ടെന്ന ഭാവേന കടയിലെത്തിയവര്‍ കടയില്‍ നിന്നും പണം വാങ്ങി മുങ്ങുകയായിരുന്നു.

പരപ്പനങ്ങാടിയില്‍ പല്ലവി തീയേറ്ററിന് സമീപം കാഞ്ഞിരശ്ശേരി രാജീവിന്റെ ഫ്രണ്ട്‌സ് ടയര്‍ എന്ന കടയില്‍ നിന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തട്ടിപ്പുനടത്തിയത്. കടയുടമയെ ഫോണില്‍ വിളിക്കുന്ന ഭാവേനെ കടയിലെത്തിയ ശേഷം പണം നല്‍കാന്‍ കടയുടമ പറഞ്ഞെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തിയത് ഇവിടെ നിന്നും 5,000 രൂപയാണ് തട്ടിയെടുത്തത്.

ചെട്ടിപ്പടിക്ക് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കിഴക്കിണിയേടത്ത് ഹംസയുടെ സ്‌റ്റേഷനറി കടയില്‍ നിന്നും കടയുടമ തരാനുണ്ടെന്ന് പറഞ്ഞ് കടയിലെ ജീവനക്കാരനില്‍ നിന്നും 1600 രൂപ വാങ്ങി സ്ഥലം വിടുകയായിരുന്നു.

വള്ളിക്കുന്ന് അത്താണിക്കലില്‍ സ്വദേശിയായ മാരത്തടത്തില്‍ ജയപ്രകാശും സതീഷും ചേര്‍ന്ന് നടത്തുന്ന തേഞ്ഞിപ്പലം ചെനക്കലങ്ങാടിയിലെ നേത്രം ഒപ്ടിക്കല്‍സില്‍ നിന്നും ജീവനാക്കാരോട് കണ്ണട വാങ്ങിയ കാശ് തരാനുണ്ടെന്ന് പറഞ്ഞ് 10,000 രൂപ വാങ്ങി മുങ്ങുകയായിരുന്നു.

തട്ടിപ്പിനെ തുടര്‍ന്ന് കടയുടമകള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.