ശബരിമല തീര്‍ത്ഥാടനം: മുന്നൊരുക്കപ്രവര്‍ത്തനങ്ങക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 4.25 കോടി 

ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ക് കായി ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. ലക്ഷക്കണക്കിന് വരുന്ന ശബരിമല തീര്‍ത്ഥാടകര്‍ ശബരിമലയിലേക്കെത്തുന്നതിനു മുമ്പുള്ള ഇടത്താവളങ്ങളിലെല്ലാം ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്നാണ് ഈ പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ഇതിന്റെ ഭാഗമായി 23 ഗ്രാമ പഞ്ചായത്തുകള്‍ക്കായി രണ്ടുകോടി രൂപയും ആറ് മുനിസിപ്പാലിറ്റികള്‍ക്ക് ഒരുകോടി രൂപയും  അനുവദിച്ചു. മുനിപ്പാലിറ്റികള്‍: ചെങ്ങന്നൂര്‍ 25 ലക്ഷം, പത്തനംതിട്ട 25 ലക്ഷം, തിരുവല്ല 10 ലക്ഷം, ഏറ്റുമാനൂര്‍ 10 ലക്ഷം, പാല 10 ലക്ഷം, പന്തളം 20 ലക്ഷം.
ഇതിനുപുറമേ ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയനുസരിച്ച് സ്പെഷ്യല്‍ ഗ്രാന്റായി ഒരുകോടി 15 ലക്ഷം രൂപയും അനുവദിച്ച് ഉത്തരവായി. ശബരിമലയ്ക്ക് സമീപമുള്ള എരുമേലി, ചിറ്റാര്‍, റാന്നി, പെരുനാട്, വടശ്ശേരിക്കര, സീതത്തോട്, നാറാണംമൂഴി എന്നീ ഗ്രാമ പഞ്ചായത്തുകള്‍ക്ക് 15 ലക്ഷം രൂപ വീതം അധികമായും ഗുരുവായൂര്‍ മുനിസിപ്പാലിറ്റിക്ക് 25 ലക്ഷം രൂപയും അനുവദിക്കും. ഇത് ശബരിമല തീര്‍ത്ഥാടന കാലത്തേക്ക് പ്രത്യേകമായി ഉപയോഗിക്കാന്‍ അനുവദിക്കുന്ന പ്രത്യേക ധനസഹായമാണ്.
തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാനും മറ്റും ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിനു നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Related Articles