ഭക്ഷ്യസുരക്ഷാ നിയമം;താല്‍ക്കാലിക മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യ നിരക്കില്‍ അരി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുമ്പോള്‍ താല്‍ക്കാലിക മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യനിരക്കില്‍ അരി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അന്ത്യോദയ-അന്നയോജന വിഭാഗത്തിലെ 5,95,800 കാര്‍ഡുകള്‍ക്ക് 35 കിലോ അരിവീതം സമ്പൂര്‍ണ സൗജന്യനിരക്കില്‍ നല്‍കും.

താല്‍ക്കാലിക മുന്‍ഗണനാ പട്ടികയിലെ അവശേഷിക്കുന്ന 28,37,236 കാര്‍ഡ് ഉടമകള്‍ക്ക് ഒരാള്‍ക്ക് അഞ്ചു കിലോ ധാന്യംവീതം സമ്പൂര്‍ണ സൗജന്യനിരക്കില്‍ നല്‍കും. മുന്‍ഗണനാ പട്ടികയില്‍പെടാത്ത പഴയ ബി.പി.എല്‍ (എസ്.എസ്) വിഭാഗത്തിന് രണ്ടു രൂപ നിരക്കില്‍ ഒരാള്‍ക്ക് രണ്ടു കിലോ അരിവീതം നല്‍കും.

മുന്‍ഗണനാ ഇതര വിഭാഗത്തിലെ മറ്റുള്ളവര്‍ക്ക് ഒരു കിലോ ഗോതമ്പ്, ലഭ്യമായ അളവില്‍ അരി എന്നിവ നിലവിലെ എ.പി.എല്‍ നിരക്കില്‍ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുമ്പോള്‍ വലിയ വിഭാഗത്തിന് ഭക്ഷ്യധാന്യം ലഭിക്കില്ളെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

Related Articles