ആണ്‍കുട്ടികള്‍ ജനിക്കാനായി ബാബാരാംദേവിന്റെ മരുന്ന്‌; രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

ramdev1ദില്ലി: ആണ്‍കുട്ടികള്‍ ജനിക്കാനായി ആയുര്‍വേദ മരുന്നുമായി യോഗാഗുരും രാംദേവിന്റെ ഉടമസ്ഥതയിലുള്ള കമ്പനി. പുത്ര ജീവക്‌ എന്നാണ്‌ മരുന്നിന്റെ പേര്‌. ഹരിയാന സര്‍ക്കാറിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍ കൂടിയായ രാംദേവിന്റെ ഈ പുതിയ ഉല്‌പന്നം രാജ്യസഭയില്‍ പ്രക്ഷുബ്ധരംഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്‌തു.

രാംദേവിന്റെ കമ്പനിയായ ദിവ്യ ഫാര്‍മസി പുറത്തിറക്കിയിരിക്കുന്ന പുത്രജീവക്‌ നിരോധിക്കണം എന്നാവശ്യപ്പെട്ടാണ്‌ പ്രതിപക്ഷം രംഗത്തെത്തിയത്‌. ജനതാദള്‍ യുണൈറ്റഡിലെ കെസി ത്യാഗിയാണ്‌ രാജ്യസഭയില്‍ വിഷയം ഉന്നയിച്ചത്‌. ഈ മരുന്നുമായി സഭയിലെത്തയാണ്‌ ത്യാഗി ഈ വിഷയം അവതരിപ്പിച്ചത്‌. ഇതോടെ ഭരണപക്ഷ ബെഞ്ചില്‍ നിന്ന്‌ എതിര്‍പ്പുകളുയരുകയായിരുന്നു. സമാജ്‌ വാദി പാര്‍ട്ടി അംഗം ജയാബച്ചന്‍ പായ്‌ക്കറ്റ്‌ ആരോഗ്യ മന്ത്രി ജെപി നഡ്ഡയ്‌ക്ക്‌ നല്‍കി. പ്രതിപക്ഷത്തു നിന്ന്‌ കൂടുതല്‍ പേര്‍ ഇതില്‍ ഇടപെടുകയും ഉത്‌പന്നം നിരോധിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്യും.

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം പോലും നിയമ വിരുദ്ധമായ രാജ്യത്ത്‌ ഇതും നിയമവരുദ്ധമാണെന്നായിരുന്നു രാജ്യസഭാ ഉപാധ്യാക്ഷന്‍ പിജെ കുര്യന്‍ അഭിപ്രായപ്പെട്ടത്‌. പക്ഷെ ചെയറിന്‌ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അദേഹം വ്യക്തമാക്കി. മന്ത്രാലയം ഇതേക്കുറിച്ച്‌ പരിശോധിക്കുമെന്ന്‌ ആരോഗ്യ മന്ത്രി ഉറപ്പു നല്‍കി.