മലപ്പുറം ഡിസിസി ഓഫീസിന്റെ കൊടിമരത്തില്‍ മുസ്ലീംലീഗിന്റെ പച്ചക്കൊടി

 കേരളാ കോണ്‍ഗ്രസ്സിന് രാജ്യസഭാസീറ്റ് നല്‍കിയതിലെ പ്രതിഷേധം
മലപ്പുറം കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നുണ്ടായ രാജ്യസഭാ സീറ്റ് മുസ്ലീംലീഗ് ഇടപെട്ട് മാണികോണ്‍ഗ്രസ്സിന് നല്‍കിയതില്‍ മലപ്പുറത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം

മലപ്പുറം മഞ്ചേരി റോഡിലെ കോണ്‍ഗ്രസ് ജില്ലാകമ്മറ്റി ഓഫീസിന് മുന്നിലെ പ്രധാന കൊടിമരത്തില്‍ കോണ്‍ഗ്രസ്സിന്റെ പതാകക്ക് മുകളില്‍ മുസ്ലീംലീഗിന്റെ പതാക കെട്ടുകയായിരുന്നു.
രാജ്യസഭാ സീറ്റ് മാണിക്ക് നല്‍കിയതിലുള്ള പ്രതിഷേധം കേരളമൊട്ടാകെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നതിനിടെയാണ് മലപ്പുറത്തെ വ്യത്യസ്തമായ ഈ പ്രതിഷേധം വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് കൊടി നാട്ടിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നില്‍.

മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ് മാണിക്ക് രാജ്യസഭാസീറ്റ് ലഭിക്കുന്നതിന് വേണ്ടി കരുക്കള്‍ നീക്കിയതെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് കോണ്‍ഗ്രസ് അണികള്‍ പ്രകോപിതരായത്. യുഡിഎഫില്‍ മുസ്ലീംലീഗിന് അപ്രമാദിത്യം ഉണ്ടാകുന്നുവെന്ന ആശങ്ക പല കോണ്‍ഗ്രസ് നേതാക്കളും പരസ്യമായി പങ്കുവെക്കുന്നുമുണ്ട്.

സംസ്ഥാനത്ത് പലയിടത്തും പ്രവര്‍ത്തകര്‍ നേതാക്കളുടെ കോലം കത്തിക്കുന്നതടക്കമുള്ള പ്രതിഷേധപരിപാടികള്‍ക്ക് പരസ്യമായി മുതിര്‍ന്നിട്ടുണ്ട്.