ഖത്തറില്‍ മയക്കുമരുന്ന്‌ കേസുകളില്‍ ശിക്ഷ കൂട്ടുന്നു

ദോഹ: വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയാന്‍ മയക്കുമരുന്ന് വില്‍ക്കുന്നവര്‍ക്കെതിരായ ശിക്ഷ  കൂടുതല്‍ കടുത്തതാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഖത്തറില്‍ മയക്കു മരുന്നിന് അടിമകളായവര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കൊക്കെയ്ന്‍, ഹെറോയിന്‍, മോര്‍ഫിന്‍ എന്നിവയാണെന്ന് അല്‍ശര്‍ഖ് പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ആഭ്യന്തര മന്ത്രാലയം നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ അംറ് അലി അല്‍ ഹുമൈദി പറഞ്ഞു. രോഗ ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന ട്രമഡോള്‍, കാപ്ടഗോണ്‍, ലിറിക്ക തുടങ്ങിയവയാണ് ദുരുപയോഗം ചെയ്യുന്ന മറ്റ് മരുന്നുകള്‍. ഖത്തര്‍ ജനസംഖ്യയില്‍ മൂന്നു മുതല്‍ അഞ്ച് ശതമാനം വരെ മയക്കുമരുന്നിനോ മദ്യത്തിനോ അടിമകളാണെന്ന് കഴിഞ്ഞ വര്‍ഷം ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു. ഔദ്യോഗികമായി രേഖകള്‍ സൂക്ഷിച്ചിട്ടില്ലാത്തതിനാല്‍ ഇതിന്റെ കൃത്യമായ കണക്ക് ലഭ്യമല്ല. മാനഹാനി ഭയന്ന് മയക്കു മരുന്ന് അഡിക്ഷന്‍ പലരും പുറത്തു പറയാറില്ല. മയക്കു മരുന്നിന് അടിമകളായവരെ ജയിലിലേക്ക് അയക്കുന്നതിന് പകരം റീഹാബിലിറ്റേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിടണമെന്ന് അല്‍ഹുമൈദി പറഞ്ഞു. ഡ്രഗ് അഡിക്ഷന് സ്വയം ചികില്‍സയ്ക്ക് തയ്യാറായി മുന്നോട്ടു വരുന്നവര്‍ക്കെതിരേ കുറ്റം ചുമത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ മയക്കു മരുന്ന് ഉപയോഗത്തിനും വില്‍പ്പനയക്കും തടവ് മുതല്‍ വധശിക്ഷവരെയാണ് നല്‍കുന്നത്. അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും.

മയക്കു മരുന്നിന് അടികളായവര്‍ കുടുംബത്തിനും സമൂഹത്തിനും ഭീഷണിയാണെന്ന് അല്‍ഹുമൈദി പറഞ്ഞു. ഇത്തരക്കാര്‍ സൃഷ്ടിക്കുന്ന വാഹനാപകടങ്ങള്‍ നിരവധിയാണ് അത് കൊണ്ട് തന്നെ മയക്കു മരുന്ന് രഹിതമായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിന് ജനങ്ങള്‍ അധികൃതരുമായി സഹകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

മയക്കുമരുന്നിനെതിരേ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ ബോധവത്ക്കരണം നടത്തുന്നതിന് മറ്റ് വകുപ്പുകളുമായി കൂടിച്ചേര്‍ന്ന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അല്‍ഹുമൈദി പറഞ്ഞു.