പ്രവാസി തൊഴിലാളികളുടെ അവകാശ സംരക്ഷണം;ഖത്തറിന് യുഎന്നിന്റെ ക്ലീന്‍ ചിറ്റ്

ജനീവ: പ്രവാസി തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഖത്തറിന് യുഎന്നിന്റെ ക്ലീന്‍ ചിറ്റ്. തൊഴിലാളികളുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഖത്തര്‍ അതീവശ്രദ്ധ പുലര്‍ത്തുന്നതായും അവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചുവെന്നും യുഎന്നിനു കീഴിലുള്ള അന്താരാഷ്ട്ര തൊഴില്‍ സംഘടന വ്യക്തമാക്കി. ഇതെതുടര്‍ന്ന് ഖത്തറിലെ തൊഴിലാളികളുടെ അവകാശ ലംഘനവുമായി ബന്ധപ്പെട്ട് നേരത്തെ ലഭിച്ച പരാതികള്‍ പരിശോധിക്കേണ്ടതില്ലെന്ന് ഇന്റര്‍നാഷന്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ തീരുമാനമായി.

ഖത്തറിലുള്ള 20 ലക്ഷത്തോളം വരുന്ന പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം പുതിയ പദ്ധതികള്‍ ഖത്തര്‍ ഭരണകൂടം നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായി തൊഴിലാളികളുടെ വേതന വിതരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സഹായ ഫണ്ട് രൂപീകരിക്കാനുള്ള കരട് ബില്ലിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. പ്രവാസി തൊഴിലാളികള്‍ക്ക് മിനിം വേതനം ഉറപ്പ് നല്‍കുന്ന ബില്ല് ഇന്‍ഷുറന്‍സ് പരിരക്ഷയും വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ പ്രവാസി തൊഴിലാളികള്‍ക്ക് ആവശ്യമുള്ള അവസരങ്ങളില്‍ നിയമസഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് 36 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി ഖത്തര്‍ കരാറില്‍ ഒപ്പുവെയ്ക്കുകയും ചെയ്തിരുന്നു.

പ്രവാസി തൊഴിലാളികള്‍ക്ക് ജോലി മാറുന്നതിനും രാജ്യം വിടുന്നതിനുമുള്ള നിയമങ്ങള്‍ ലഘൂകരിച്ച്‌കൊണ്ട് ഖത്തര്‍ കഴിഞ്ഞ വര്‍ഷം നിയമനിര്‍മാണം നടത്തിയിരുന്നു. കഫാല എന്നറിയപ്പെടുന്ന സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായമനുസരിച്ച് ജോലി മാറാനും രാജ്യത്തിനു പുറത്തേക്കു സഞ്ചരിക്കാനും സ്‌പോണ്‍സറുടെ അനുവാദം വേണമെന്ന നിയമത്തിലാണ് ഇളവുകള്‍ വരുത്തിയത്.

ഖത്തറില്‍ 2022 ല്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനു മുന്നോടിയായി നടക്കുന്ന വന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാവുന്ന പുതിയ കരട് ബില്ലിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. നേരത്തെ തൊഴിലാളികളുടെ ജീവനും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നില്ലെന്ന ആരോപണവുമായി അന്താരാഷ്ട്ര ഏജന്‍സികള്‍ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികളാണ് ഇപ്പോള്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടന പിരശോധിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്.