ഖത്തറില്‍ രണ്ട്‌ കാറുകള്‍ പാര്‍ക്ക്‌ ചെയ്‌തിടത്ത്‌ ഇനി 16 കാറുകള്‍ പാര്‍ക്കു ചെയ്യാം

Untitled-1 copyദോഹ: രണ്ട് കാറുകള്‍ പാര്‍ക്ക് ചെയ്യാനാവുന്ന സ്ഥലത്ത് 16 കാറുകള്‍ വെക്കാമെന്ന് പറഞ്ഞാല്‍ എന്തായിരിക്കും സൗകര്യം! അത് അനുഭവിക്കണമെങ്കില്‍ വില്ലാജിയോ മാളിലെ സ്മാര്‍ട്ട് പാര്‍ക്കിംഗ് സന്ദര്‍ശിച്ചാല്‍ മതി. വില്ലാജിയോ മാളിലെ വി ഐ പി എന്‍ട്രന്‍സിനു സമീപത്താണ് റോട്ടറി പാര്‍ക്കിംഗ് ഒരുക്കിയിരിക്കുന്നത്. അടുത്ത ആറ് മാസത്തേക്ക് പരീക്ഷണാര്‍ഥം സൗജന്യ പാര്‍ക്കിംഗാണ് അനുവദിച്ചിരിക്കുന്നത്. പരീക്ഷണം വിജയകരമായാല്‍ ദോഹയിലെ പാര്‍ക്കിംഗ് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ പലയിടങ്ങളിലും ഈ രീതി അനുകരിക്കും.

പുതിയ പാര്‍ക്കിംഗ് രീതിയെ ആളുകള്‍ വളരെ താത്പര്യത്തോടെയാണ് സ്വീകരിക്കുന്നതെന്ന് മൈ സിറ്റി ഫോര്‍ ടെക്‌നിക്കല്‍ സൊല്യൂഷന്‍സ് സീനിയര്‍ സെയില്‍സ് മാനേജര്‍ മുഹമ്മദ് മാഗ്ദി പറഞ്ഞതായി പ്രാദേശിക വെബ്‌പോര്‍ട്ടല്‍ ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പാര്‍ക്കിംഗ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത കൊറിയന്‍ കമ്പനിയായ ഡംഗ് യാങ് പി സിയുടെ ഖത്തറിലെ പ്രാദേശിക ഏജന്‍സിയാണ് മൈ സിറ്റി ഫോര്‍ ടെക്‌നിക്കല്‍ സൊല്യൂഷന്‍സ്.

സ്മാര്‍ട്ട് പാര്‍ക്കിംഗ് സമ്പ്രദായം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുക വാരാന്ത്യങ്ങളിലായിരിക്കുമെന്നാ ണ് മുഹമ്മദ് മാഗ്ദിയുടെ അഭിപ്രായം.

ദോഹ മെട്രോയുടെ ജോലികളെ തുടര്‍ന്ന് വില്ലാജിയോ മാളിലെ പാര്‍ക്കിംഗ് സ്ഥലത്തിന് കുറവ് അനുഭവപ്പെട്ടിരുന്നു.

ഖത്തറില്‍ ആദ്യമാണെങ്കിലും നിലവില്‍ സഊദി അറേബ്യയിലും കുവൈത്തിലും സ്മാര്‍ട്ട് പാര്‍ക്കിംഗ് സമ്പ്രദായം നടപ്പാക്കിയിട്ടുണ്ട്. 30 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് ആറ് മുതല്‍ 12 മുതല്‍ എസ് യു വികളും 16 വരെ ചെറിയ കാറുകളും പാര്‍ക്ക് ചെയ്യാനാവും. പാര്‍ക്കിംഗ് സ്ഥലം ലാഭിക്കാനാവുമെന്ന് മാത്രമല്ല, വാഹനങ്ങള്‍ കളവു പോകുന്നത് തടയാനും കഴിഞ്ഞ ദിവസമുണ്ടായതു പോലുള്ള കനത്ത മഴയും കാറ്റും ഉള്‍പ്പെടെയുള്ള കാലാവസ്ഥാ മാറ്റങ്ങളെ പ്രതിരോധിക്കാനും ഈ സമ്പ്രദായം വഴി സാധിക്കും. സ്മാര്‍ട്ട് പാര്‍ക്കിംഗ് സമ്പ്രദായത്തില്‍ താഴെ നിലയിലുള്ള ലോഹത്തകിടില്‍ കയറ്റിവെക്കുന്ന വാഹനം ബട്ടണ്‍ അമര്‍ത്തി മുകള്‍ നിലയിലേക്ക് എത്തിക്കുകയാണ് ചെയ്യുക. വാഹനം തിരികെ എടുക്കാനും ഇതേ രീതി തന്നെയാണ് തുടരുക. വാഹനം മുകളിലോ താഴെയോ എത്തിക്കാന്‍ പരമാവധി 90 സെക്കന്റാണെടുക്കുക. കാര്‍ ഏത് ഭാഗത്താണോ എളുപ്പത്തില്‍ പാര്‍ക്ക് ചെയ്യാനാവുകയെന്നതിന് അനുസരിച്ച് ക്ലോക്ക് വൈസിലോ ആന്റി ക്ലോക്ക് വൈസിലോ പാര്‍ക്കിംഗ് സ്‌പോട്ട് കറക്കാനാവും. വൈദ്യുതിയിലാണ് യന്ത്രം പ്രവര്‍ത്തിക്കുകയെങ്കിലും വൈദ്യുതി മുടക്കമോ എന്തെങ്കിലും തകരാറുകളോ സംഭവിച്ചാല്‍ ഉപയോഗിക്കാനായി ഹാന്റിലും ഘടിപ്പിച്ചിട്ടുണ്ട്.