Section

malabari-logo-mobile

ഖത്തറില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ വര്‍ദ്ധിച്ചു

HIGHLIGHTS : ദോഹ: ഖത്തറില്‍ ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിക്കുന്നതായി ഖത്തരി കുടുംബങ്ങള്‍. രാജ്യത്തെ വിലക്കയറ്റം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും ഖത്തരി ക...

imagesദോഹ: ഖത്തറില്‍ ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിക്കുന്നതായി ഖത്തരി കുടുംബങ്ങള്‍. രാജ്യത്തെ വിലക്കയറ്റം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും ഖത്തരി കുടുംബങ്ങളിലും വന്‍ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. ഉത്പന്നങ്ങള്‍ക്ക് വില കുതിച്ചുയരുന്നത് ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സൈറ്റുകളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തുടക്കമിട്ടിട്ടുണ്ട്.
ഷോപ്പിംഗിന് സഊദി അറേബ്യയിലേക്ക് പോകുന്ന ഖത്തരികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. സഊദിയിലെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിക്കുന്ന ഖത്തരികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വാരാന്ത്യങ്ങളില്‍ ഷോപ്പിംഗിനായി ഖത്തരികള്‍ സഊദിയിലേക്ക് പോകുന്നത് പതിവാക്കിയിട്ടുണ്ട്. പ്രധാനമായും വീട്ടുത്പന്നങ്ങള്‍ വാങ്ങാനാണ് ഇവര്‍ സഊദി അറേബ്യയിലേക്ക് പോകുന്നത്.  ഉത്പന്നങ്ങളുടെ വില വര്‍ധനവിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ വാണിജ്യ, ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള  ഉപഭോക്തൃ സംരക്ഷണ വകുപ്പ് തയ്യാറാകണമെന്ന് നിരവധി പേര്‍ ആവശ്യപ്പെടുന്നു. ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കുന്നതിന് പകരം വ്യാപാരികളുടെ താത്പര്യം സംരക്ഷിക്കുന്ന വകുപ്പായി മാറിയിട്ടുണ്ടെന്നും പലരും ട്വിറ്ററിലൂടെ അഭിപ്രായപ്പെടുന്നതായി പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു.
വിലക്കയറ്റം കണക്കിലെടുത്ത് പലരും ഖത്തറില്‍ ബിസിനസ് ആരംഭിക്കാന്‍ താത്പര്യപ്പെടുന്നുണ്ട്. ഇവിടത്തെ ലാഭവിഹിതം കൂടുതലാണെന്നതാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഖത്തരികള്‍ വിലയെക്കുറിച്ച് ചിന്തിക്കില്ലെന്നതാണ് ഇതിന് കാരണമായി പറയപ്പെടുന്നതെന്നും പ്രാദേശിക പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വീട്ടിലെ ഫര്‍ണിച്ചറുകള്‍, കാറിന്റെ സ്‌പെയര്‍പാര്‍ട്ട്‌സുകള്‍, വിവാഹാവശ്യത്തിനുള്ള വസ്തുക്കള്‍ തുടങ്ങിയവയാണ് ഖത്തരികള്‍ പ്രധാനമായും അയല്‍ രാജ്യങ്ങളില്‍ നിന്നും വാങ്ങുന്നത്. ഈ വസ്തുക്കള്‍ക്ക് ഖത്തറിനെ അപേക്ഷിച്ച് സഊദിയിലെ പല നഗരങ്ങളിലും വിലക്കുറവാണെന്ന് വാരാന്ത്യങ്ങളില്‍ സഊദി സന്ദര്‍ശനം നടത്തുന്ന ഖത്തരികള്‍ അഭിപ്രായപ്പെടുന്നു. ഖത്തറില്‍ ഉപഭോക്തൃ സംരക്ഷണ നിയമം ശക്തമായി നടപ്പാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഖത്തറില്‍ ഷോപ്പുകളുടെ വാടക കുത്തനെ ഉയര്‍ന്നതും ഉത്പന്നങ്ങളുടെ വില വര്‍ധനവിന് കാരണമായിട്ടുണ്ട്. ഇവിടെ പഴയ കെട്ടിടങ്ങളെല്ലാം ഇടിച്ചുകളയുകയാണ്. ഷോപ്പുകളുടെ ശരാശരി വാടക 20,000 ഖത്തര്‍ റിയാലായിരുന്നത് 40,000 ഖത്തര്‍ റിയാലായി വര്‍ധിച്ചിട്ടുണ്ട്. അതേസമയം സഊദി അറേബ്യയില്‍ ഷോപ്പുകളുടെ വാടക കുറവാണെന്നും പ്രാദേശിക അറബി പത്രമായ അല്‍ വതന്‍ റിപ്പോര്‍ട്ട് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!