ഖത്തറില്‍ നെല്‍കൃഷി നടത്താന്‍ അടുക്കളത്തോട്ടം കൂട്ടായിമയെ സഹായിച്ച മുഹമ്മദ്‌ അല്‍ ദോസരിയെ ആദരിക്കുന്നു

imagesദോഹ: ഖത്തറില്‍ നെല്‍കൃഷി നടത്താന്‍ ആവശ്യമായ സഹായങ്ങള്‍ നല്കിയ മുഹമ്മദ് അല്‍ ദോസരിയെ കേരള കൃഷി വകുപ്പ് ആദരിക്കുന്നു. കര്‍ഷക ദിനമായ ചിങ്ങം ഒന്നിനാണ് (ആഗസ്ത് 16) ഷഹാനിയയിലെ അല്‍ ദോസരി പാര്‍ക്കിന്റെ ഉടമ കൂടിയായ മുഹമ്മദ് അല്‍ ദോസരിയെ കേരളം ആദരിക്കുക.

ഫേസ് ബുക്ക് കൂട്ടായ്മയായ അടുക്കളത്തോട്ടമാണ് അല്‍ ദോസരി പാര്‍ക്കില്‍ നെല്‍കൃഷി നടത്തിയത്. കേരള കൃഷി വകുപ്പ് മന്ത്രി കെ പി മോഹനനാണ് ദോസരി പാര്‍ക്കില്‍ നെല്‍വിത്തിട്ടതും വയല്‍ കൊയ്തതും.

കൃഷി ചെയ്യാന്‍ ദോസരി പാര്‍ക്കില്‍ സൗജന്യമായ സ്ഥലം നല്കുകയും വെള്ളവും ജൈവവളവും അനുവദിക്കുകയും ചെയ്ത മുഹമ്മദ് അല്‍ ദോസരി കൃഷിക്ക് വലിയ സഹായമാണ് നല്കിയത്. കേരള കൃഷി വകുപ്പ് മന്ത്രി കെ പി മോഹനന്‍ കഴിഞ്ഞ ദിവസം അല്‍ ദോസരിയെ ഫോണില്‍ വിളിച്ചാണ് ആദരിക്കല്‍ ചടങ്ങിലേക്ക് ക്ഷണിച്ചത്.

മലയാളി വീട്ടമ്മമാരും അടുക്കളത്തോട്ടം ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിനുമായ അംബര പവിത്രന്‍, ജിഷ കൃഷ്ണന്‍, മീന ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് അല്‍ ദോസരി പാര്‍ക്കില്‍ കൃഷി നടത്തിയത്. ഷഹാനിയയിലെ പാര്‍ക്കില്‍ 70 സെന്റ് സ്ഥലത്ത് ആറ് കണ്ടങ്ങളിലായാണ് അടുക്കളത്തോട്ടം കൂട്ടായ്മയിലെ അംഗങ്ങള്‍ കൃഷി നടത്തിയത്. അടുക്കളത്തോട്ടത്തിന്റെ മുന്‍ നിര പ്രവര്‍ത്തകരായ മൂന്നുപേരേയും കേരള സര്‍ക്കാര്‍ ചടങ്ങില്‍ ആദരിക്കും.