ഖത്തറില്‍ അല്‍ ഖീസ ഇന്റര്‍ചേഞ്ച് ഗതാഗതത്തിനായി തുറന്നു

ദോഹ: നോര്‍ത്ത് റോഡ് കോറിഡോര്‍ വികസനപദ്ധതിയുടെ ഭാഗമായുള്ള അല്‍ഖീസ ഇന്റര്‍ചേഞ്ച് ഗതാഗതത്തിനായി തുറന്നു. പൊതുമരാമത്ത് വകുപ്പ് (അഷ്ഘാല്‍)ആണ് ഇക്കാര്യം അറിയിച്ചത്. സമീപത്തുള്ള എക്‌സ്പ്രസ് വേകളുമായും അല്‍ ശമാല്‍ റോഡുമായും ബന്ധിപ്പിച്ചാണ് അല്‍ ഖീസ നവീകരിച്ചത്. നവീകരണത്തിന്റെ ഭാഗമായി രണ്ട് പുതിയ മേല്‍പ്പാലങ്ങള്‍കൂടി നിര്‍മ്മിച്ചിട്ടുണ്ട്.

ഇതില്‍ ഒന്ന് അല്‍ ശമാല്‍ റോഡിലെ ഏറ്റവും നീളമേറിയ മേല്‍പ്പാലമാണ്. 700 മീറ്റര്‍ നീളമുള്ള മേല്‍പ്പാലത്തില്‍ മൂന്ന് വരിപ്പാതകളാണുള്ളത്. അല്‍ ഖീസയില്‍ നിന്നും ദോഹയിലേക്കാണ് ഈ മേല്‍പ്പാലം. ദോഹയില്‍ നിന്ന് അല്‍ഖീസയിലേക്കുള്ള 170 മീറ്റര്‍ നീളമുള്ള രണ്ട് വരിപ്പാതയുടെ മേല്‍പ്പാലമാണ് രണ്ടാമത്തേത്. മണിക്കൂറില്‍ 12,000 വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഈ മേല്‍പ്പാലങ്ങള്‍.

നവീകരണത്തിന്റെ ഭാഗമായി പ്രധാന പാലത്തിലെ റൗണ്ട് എബൗട്ട് സിഗ്നല്‍ സംവിധാനത്തിലേക്ക് മാറ്റിയതോടെ കൂടുതല്‍ സുരക്ഷയും ഗതാഗതം സുഗമമാക്കാന്‍ സാധിച്ചിട്ടുണ്ട്.