പ്രഥമ രാജ്യാന്തര മെഡിക്കല്‍ കോണ്‍ഗ്രസിന് ഖത്തറില്‍ തുടക്കമായി

qatarദോഹ: പ്രഥമ രാജ്യാന്തര മെഡിക്കല്‍ കോണ്‍ഗ്രസിന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി തുറക്കുമെന്ന് കരുതുന്ന  മെഡിക്കല്‍ കോണ്‍ഗ്രസ് ആരോഗ്യമന്ത്രി അബ്ദുല്ല ബിന്‍ ഖാലിദ് അല്‍ ഖഹ്താനി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍താനിയുടെ മുഖ്യകാര്‍മികത്വത്തിലാണ് മൂന്ന് ദിവസം നീളുന്ന മെഡിക്കല്‍ കോണ്‍ഗ്രസ് നടക്കുന്നത്.
ആരോഗ്യമേഖലയ്ക്ക് രാജ്യം വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയിലെ വളര്‍ച്ചയില്‍ വലിയ മാറ്റങ്ങള്‍ക്ക് മെഡിക്കല്‍ കോണ്‍ഗ്രസ് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പതിമൂന്ന് ആരോഗ്യ വിഷയങ്ങളില്‍ ഗൗരവമായ ചര്‍ച്ചകളാണ് നടക്കുക. ഇന്നലെ വിവിധ സെഷനുകളിലായി ഹെമറ്റോളജി- ഓങ്കോളജി, ഗ്യാസ്‌ട്രോഎന്റ്രോളജി- ഇന്‍ഫെക്ഷ്യസ് ഡിസീസസ്, പ്ലാസ്റ്റിക് സര്‍ജറി-എസ്തറ്റിക് മെഡിസിന്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍ എന്നിവയെക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ നടന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യവിദഗ്ധര്‍ ക്ലാസുകളെടുത്തു. രാജ്യാന്തര മെഡിക്കല്‍ കോണ്‍ഗ്രസിന്റെ ഇക്കണോമിക് സോണ്‍ പാര്‍ട്ട്ണര്‍ ഖത്തര്‍ സര്‍ക്കാരിന്റെ കീഴിലുള്ള മനാടെക്കാണ്.  കൂടുതല്‍ പ്രാദേശിക, വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുക, രാജ്യത്തിന്റെ നിക്ഷേപക അന്തരീക്ഷം മെച്ചപ്പെടുത്തുക, സ്വകാര്യ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍  മുന്‍നിര്‍ത്തിയാണ് ഖത്തര്‍  മനാടെക് എന്ന പേരില്‍ ഇക്കണോമിക് സോണ്‍സ് കമ്പനി ആരംഭിച്ചത്. ആരോഗ്യ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ ഖത്തറിലുണ്ടാകേണ്ടതുണ്ടെന്ന് ഉദ്ഘാടന ചടങ്ങില്‍  പങ്കെടുത്ത മനാടെകിന്റെ മുഹമ്മദ് അല്‍ മാലിഖി ചൂണ്ടിക്കാട്ടി. ഖത്തറില്‍ ഹെല്‍ത്ത് കെയര്‍ കമ്പനികള്‍ക്കുള്ള നിക്ഷേപ സാധ്യതകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. രാജ്യം അനുമതി നല്‍കിയ മൂന്നു സ്വതന്ത്ര സാമ്പത്തിക മേഖലകള്‍ ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കും. വ്യോമയാന മേഖല കേന്ദ്രീകരിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപത്തായി റാസ് ബുഫോണ്ടാസ് സാമ്പത്തിക മേഖല, തുറമുഖ മേഖല കേന്ദ്രീകരിച്ച് ഉമ്മുല്‍ ഹൗല്‍ സാമ്പത്തിക മേഖല, റോഡ് ഗതാഗതം കേന്ദ്രീകരിച്ച് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അല്‍ ഖരാന സാമ്പത്തിക മേഖല എന്നിവയാണവ.
ഒന്നാം സാമ്പത്തിക മേഖലയായ റാസ് ബു ഫോണ്ടാസില്‍ ആരോഗ്യ പദ്ധതികള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഭക്ഷ്യസംഭരണം മുന്‍നിര്‍ത്തിയുള്ള ലോജിസ്റ്റിക് പദ്ധതികള്‍ക്കൊപ്പം ആരോഗ്യ മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് സഹായകമായ വിധത്തിലുള്ള പദ്ധതികളും ഒന്നാം സാമ്പത്തിക മേഖലയില്‍ നടപ്പാക്കുമെന്ന് മുഹമ്മദ് അല്‍ മാലിഖി പറഞ്ഞു. 2017 മാര്‍ച്ചില്‍ റാസ് ബു ഫോണ്ടാസ് സാമ്പത്തിക മേഖലയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കും. 2018 ഏപ്രിലില്‍ രണ്ടാം ഘട്ടവും 2019 ജൂണില്‍ മൂന്നാംഘട്ടവും പൂര്‍ത്തീകരിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ആരോഗ്യ മേഖലയില്‍ നിക്ഷേപം ശക്തിപ്പെടുത്തുന്നതില്‍ സാമ്പത്തിക മേഖലകള്‍ വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള വിപുലമായ പ്രദര്‍ശനവും ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍- സ്വകാര്യ പങ്കാളിത്തതോടെയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, സുപ്രിം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് എന്നിവയുടെ നിരവധി സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. ഹമദിന്റെ കീഴിലുള്ള കുല്ലുന ഉള്‍പ്പടെയുള്ള നിരവധി ഉപവിഭാഗങ്ങളുടെ സ്റ്റാളുകളും കാഴ്ചക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്.