ബജറ്റ്‌ എസ്റ്റിമേറ്റ്‌;പ്രവാസി ജീവനക്കാര്‍ക്കു പകരം ഖത്തരികളെ നിയമിക്കുന്നതിന്‌ സാധ്യത ആരായും

images (2)ദോഹ: അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുന്ന ബജറ്റിന്റെ എസ്റ്റിമേറ്റില്‍ ശമ്പളവും ചെലവും സംബന്ധിച്ച് മന്ത്രിമാര്‍ക്കും ഗവണ്‍മെന്റ് ഏജന്‍സികള്‍ക്കും കമ്പനികള്‍ക്കും സര്‍ക്കാര്‍  നിര്‍ദ്ദേശങ്ങള്‍ നല്കിയതായി ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. പ്രവാസി ജീവനക്കാര്‍ക്കു പകരമായി നിരവധി പോസ്റ്റുകളില്‍ ഖത്തരികളിലെ നിപുണരായ പ്രൊഫഷണലുകളെ നിയമിക്കുന്നതിനെ കുറിച്ചുള്ള സാധ്യതകള്‍ സര്‍ക്കുലറില്‍ ആരായുന്നുണ്ട്.

അഡ്മിനിസ്‌ട്രേറ്റീവ് ഡവലപ്‌മെന്റ് മന്ത്രാലയം ഏഴ് നിര്‍ദ്ദേശങ്ങളാണ് ബജറ്റ് എസ്റ്റിമേറ്റിനെ കുറിച്ച് നല്കിയിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ഡവലപ്‌മെന്റ് മന്ത്രി ഡോ. ഇസ്സ സഅദ് അല്‍ ജഫാലി അല് നുഐമി വിവിധ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഇതേക്കുറിച്ച് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

എല്ലാ ഓഫിസുകളിലുമുള്ള പ്രവാസി ജീവനക്കാരുടെ വിവരങ്ങളും പോസ്റ്റുകളേയും കുറിച്ചും അന്വേഷിക്കുന്നുണ്ട്. കൂടാതെ  ജോലിയില്‍ നിന്നും വിരമിക്കുന്ന ഖത്തരി ജീവനക്കാരുടെ എണ്ണവും ഈ ഒഴിവുകളില്‍ ഖത്തരി ജീവനക്കാരെ നിയമിക്കണമെന്ന കാര്യവും ബജറ്റ് എസ്റ്റിമേറ്റിന്റെ നിര്‍ദ്ദേശത്തിലുണ്ട്.

ഏപ്രില്‍ 2015 മുതല്‍ ഡിസംബര്‍ 2015 വരെയുള്ള ബജറ്റില്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് നീക്കിവെച്ച തുകയുടെ ശരിയായ വിവരവും അന്വേഷണത്തിലുണ്ട്.

നിലവിലുള്ള ഒഴിവുകളില്‍ നിന്നുള്ള ഫണ്ട് ബജറ്റ് എസ്റ്റിമേറ്റില്‍ പ്രതിഫലിക്കേണ്ടതില്ല. ഒഴിവുള്ള ജീവനക്കാരുടെ എല്ലാ ചെലവുകളും ഉള്‍പ്പെടെയുള്ള വിവരങ്ങളുണ്ടാകണം.

ഭാവിയില്‍ വരുന്ന സ്ഥാനങ്ങളും നിലവിലുള്ള ജീവനക്കാരുടെ കരാര്‍ പുതുക്കുന്നതും പുതിയ സ്ഥാനങ്ങളും ബജറ്റ് എസ്റ്റിമേറ്റില്‍ രേഖപ്പെടുത്തിയിരിക്കണം.

നടപ്പു ബജറ്റില്‍ വരാവുന്ന പ്രമോഷന്‍ ഉള്‍പ്പെടെയുള്ള അധിക ചെലവുകള്‍ മന്ത്രാലയങ്ങളും ഗവണ്‍മെന്റ് ഓഫിസുകളും കണ്ടെത്തണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

ബജറ്റ് എസ്റ്റിമേറ്റില്‍ പുതിയ നിയമനങ്ങളെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങളും നല്‌കേണ്ടതുണ്ട്. 2016- 17 വാര്‍ഷിക ബജറ്റിനോടൊപ്പം 2018ലേക്കുള്ള ബജറ്റ് എസ്റ്റിമേറ്റ് കൂടി തയ്യാറാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ബജറ്റ് എസ്റ്റിമേറ്റ് ശരിയായ സമയത്തും നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചും സമര്‍പ്പിച്ചില്ലെങ്കില്‍ ധനകാര്യ മന്ത്രാലയത്തിന് മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ കണക്കുകള്‍ പ്രകാരം 2014- 15 വര്‍ഷത്തെ ബജറ്റില്‍ 231.66 ബില്ല്യന്‍ റിയാല്‍ പൊതുചെലവിലേക്ക് നീക്കിവെച്ചതില്‍ 18 ശതമാനമായ 41.70 ബില്ല്യന്‍ ശമ്പളത്തിനും ചെലവുകള്‍ക്കുമാണ് ഉപയോഗിച്ചതെന്ന് അല്‍ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.