ഖത്തറില്‍ ബാങ്ക്‌ വായ്‌പ്പകള്‍ക്ക്‌ നിയന്ത്രണം വരുന്നു?

Untitled-1 copyദോഹ: ഉല്ലസിക്കാനും അവധിക്കാലം ആഘോഷിക്കാനും ബാങ്ക് വായ്പയെടുക്കുന്ന പരിപാടികള്‍ അവസാനിപ്പിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. പല കുടുംബങ്ങളും വലിയ ബാങ്ക് വായ്പയെടുത്താണ് പലപ്പോഴും യാത്ര നടത്താറുള്ളത്.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്രാേദശിക അറബി പത്രം അല്‍ വതനാണ് ഈ കാര്യമുയര്‍ത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ആഡംബരത്തിനും ആര്‍ഭാടത്തിനും വിദേശ യാത്രക്കുമായി ബാങ്കില്‍ നിന്നും വായ്പയെടുക്കുന്നതിനെതിരെ ജനങ്ങളെ ബോധവത്ക്കരിക്കാന്‍ അധികൃതര്‍ കാംപയിന്‍ നടത്തണമെന്നും ആവശ്യമുയരുന്നുണ്ട്.
ഇത്തരത്തില്‍ ബാങ്ക് വായ്പയെടുത്ത് അവധിക്കാലം ആഘോഷിക്കാന്‍ വിദേശത്തേക്ക് പോകുന്ന രീതി പുതിയതാണെന്നും പത്തു വര്‍ഷം മുമ്പുവരെ ഖത്തരികള്‍ക്ക് ഇതുപോലുള്ള കാര്യങ്ങള്‍ അറിയില്ലെന്നും ഖാലിദ് അല്‍ അമ്മാരി പറയുന്നു.
അവധിക്കാലം ആഘോഷിക്കാന്‍ വിദേശത്തേക്ക് പോകുകയും ദിവസങ്ങള്‍ ആഘോഷത്തോടെ ചെലവഴിക്കുകയും ചെയ്യുന്നു. എന്നാല്‍ ആഘോഷിക്കാനെടുത്ത ബാങ്ക് വായ്പ തിരിച്ചടക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുന്നുവെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ എന്നും അത് ബുദ്ധിപരമാണോയെന്നും ഖാലിദ് അല്‍ അമ്മാരി ചോദിക്കുന്നു.
വിദേശ യാത്രകള്‍ പോലുള്ള നിര്‍മാണാത്മകമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് പണം അമിതമായി ചെലവഴിക്കുന്നതിനെതിരെ അധികാരികള്‍ ബോധവത്ക്കരണ കാംപയിനുകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ഒരു ശരാശരി കുടുംബത്തിന് പത്തു മുതല്‍ 14 ദിവസം വരെ യൂറോപ്പില്‍ അവധിക്കാലം ചെലവഴിക്കണമെങ്കില്‍ എഴുപതിനായിരം മുതല്‍ ഒന്നര ലക്ഷം വരെ റിയാല്‍ വേണ്ടിവരുമെന്ന് ബിസിനസുകാരനായ മുഹമ്മദ് അലി ഒബൈദലി ചൂണ്ടിക്കാട്ടുന്നു.
അവധിക്കാലം ചെലവഴിക്കാന്‍ ജനങ്ങള്‍ ബാങ്ക് വായ്പയെടുക്കുന്നതിന് താനെതിരാണെന്നും അദ്ദേഹം പറഞ്ഞു. പലര്‍ക്കും ഇതൊരു ശീലമായി മാറിയിട്ടുണ്ട്.
ബാങ്ക് വായ്‌പെടുക്കാം, പക്ഷേ, അത് അത്യാവശ്യത്തിന് മാത്രമായിരിക്കണമെന്നും ഒബൈദലി പറയുന്നു.
സ്വപ്‌നത്തിലെ അവധിക്കാലം ചെലവഴിക്കാന്‍ ചിലര്‍ തങ്ങളുടെ പുതിയ കാറുപോലും വില്‍പ്പന നടത്തുന്നതായും ഔബൈദലി പറഞ്ഞു.
ലണ്ടന്‍, പാരീസ്, ബെര്‍ലിന്‍ തുടങ്ങിയവയാണ് ഖത്തരികളുടെ സ്വപ്‌ന പ്രദേശങ്ങള്‍.
അഞ്ചുപേരടങ്ങുന്ന ഒരു കുടുംബത്തിന് 10 ദിവസം യൂറോപ്പില്‍ അവധിക്കാലം ആഘോഷിക്കാന്‍ ഒരു ലക്ഷം റിയാലോളം ചെലവ് വരുമെന്ന് ഖത്തര്‍ ചേംബറിന്റെ മുന്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ ഇമാദി പറഞ്ഞു.
അവധിക്കാലം ചെലവഴിക്കാന്‍ വിദേശത്തു പോകുകയെന്നത് ഖത്തറില്‍ മാത്രമുള്ള സ്വഭാവമല്ലെന്നും അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ മുഴുവന്‍ ഈ രീതി കാണുന്നുണ്ടൈന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകള്‍ ഉപഭോക്താക്കളെ വായ്പയെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അവധിക്കാലം ചെലവഴിക്കാന്‍ ബാങ്ക് വായ്പയെടുത്ത പലരും ഇപ്പോള്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും അല്‍ ഇമാദി പറയുന്നു. യൂറോപ്പില്‍ പ്രതിദിനം രണ്ടായിരം ഖത്തര്‍ റിയാലെങ്കിലും ഖത്തരികള്‍ക്ക് ചെലവാകുമെന്നാണ് ഏകദേശ കണക്ക്.
ഏതെങ്കിലുമൊരു ഏഷ്യന്‍ രാജ്യത്തേക്കാണ് യാത്ര പോകുന്നതെങ്കില്‍ ചെലവ് കുറയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.