സൗദിയും കൂട്ടരും മുന്നോട്ടുവെച്ച ഉപാധികള്‍ ഖത്തര്‍ തള്ളി

ദോഹ: രാജ്യത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടുവെച്ച ഉപാധികള്‍ ഖത്തര്‍തള്ളി. ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ചാനലായ അല്‍ ജസീറ അടച്ചുപൂട്ടുകയെന്നതുള്‍പ്പെടെ 13 ഉപാധകളാണ് മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് വഴി മുന്നോട്ട് വെച്ചത്. ഇത് ഖത്തര്‍ തള്ളിയതോടെ പ്രശ്‌നപരിഹാരം ഉടന്‍ ഉണ്ടാകില്ലെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

ഉപാധികളുടെമേലുള്ള തീരുമാനം അറിയിക്കുന്നതിനുവേണ്ടി 10 ദിവസത്തെ സമയമാണ് ഇവര്‍ ഖത്തറിനു നല്‍കിയത്. എന്നാല്‍ ഇതിനിടെയാണ് ഉപാധികള്‍ തള്ളി ശക്തമായ നിലപാടുമായി ഖത്തര്‍ രംഗത്തെത്തിയിരിക്കുന്നത്. അല്‍ജസീറ ചാനലും അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടുക, ഖത്തറില്‍ തുര്‍ക്കി സൈന്യത്തിന്റെ സൈനികവിന്യാസം കുറയ്ക്കുക, ഇറാനുമായുള്ള നയതന്ത്രബന്ധം കുറയ്ക്കുക, തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായുള്ള ബന്ധം അവസാനിപ്പിക്കുക,തങ്ങളുടെ (സൗദി,ബഹ്‌റൈന്‍,യുഎഇ,ഈജിപ്ത് ) ആഭ്യന്തരകാര്യങ്ങളില്‍ പരിധിവിട്ട് ഇടപെടാതിരിക്കുക, ഈ നാലു രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് ഖത്തര്‍ പൗരത്വം നല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ഉപാധികളാണ് പ്രശ്‌നപരിഹാരത്തിനായി അവര്‍ മുന്നോട്ടുവെച്ചത്.

അതെസമയം അവര്‍ മുന്നോട്ടുവെച്ച ഉപാധികള്‍ യുക്തിക്ക് നിരക്കാത്തതും അപ്രായോഗികവുമാണെന്നും, ഇപ്പോഴുള്ള അവസ്ഥ വളരെ സുഖകരമാണെന്നും യുഎസിലെ ഖത്തര്‍ സ്ഥാനപതി പ്രതികരിച്ചു. ഖത്തറിന് ഇഷ്ടത്തിനനുസരിച്ച് തുടര്‍ന്നും പ്രവര്‍ത്തിക്കാമെന്നും അതിന് യാതൊരു തടസവുമില്ലെന്നും പ്രതിസന്ധി ഉടന്‍ തന്നെ പരിഹരിക്കാന്‍ ഖത്തറിനുമേല്‍ ഒരു സമ്മര്‍ദ്ദവുമില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.