Section

malabari-logo-mobile

പ്രളയക്കെടുതിയില്‍ ജീവന്‍മറന്ന് രക്ഷാപ്രവര്‍ത്തനം നടത്തി പരപ്പനങ്ങാടിയിലെ മത്സ്യത്തൊഴിലാളികള്‍

HIGHLIGHTS : പരപ്പനങ്ങാടി:  അര്‍ദ്ധരാത്രിയില്‍ വീടിനകത്തേക്ക് മലവെള്ളം

പരപ്പനങ്ങാടി:  അര്‍ദ്ധരാത്രിയില്‍ വീടിനകത്തേക്ക് മലവെള്ളം കുതിച്ചെത്തിയപ്പോള്‍ പകച്ചുപോയ കുട്ടികളും സ്ത്രീകളുമടങ്ങിയ നിരവധികുടുംബങ്ങളെ രക്ഷിക്കാന്‍ നേരം പുലരുമ്പോള്‍ തന്നെ ഓടിയെത്തിയ മത്സ്യത്തൊഴിലാളികള്‍ക്കൊരു ബിഗ് സെല്യുട്ട്!!

ഇന്നലെ രാത്രി പരപ്പനങ്ങാടി പാലത്തിങ്ങലില്‍ കടലുണ്ടിപുഴ കരകവിഞ്ഞ് ഒഴുകിയതോടെ നുറുകണക്കിനാളുകളാണ് വീടിനുള്ളില്‍ കുടുങ്ങിപ്പോയത്. പലരും ഉറക്കമൊഴിച്ച് വീടിന്റെ രണ്ടാംനിലയിലേക്ക് കയറി വിലപിടിപ്പുള്ളതല്ലാം ഇവിടേക്ക് കയറ്റി. എന്നാല്‍ രാവിലെ പുറത്തിറങ്ങാന്‍ കഴിയാത്തരീതിയിലേക്ക് വെള്ളം ഉയര്‍ന്നുതുടങ്ങി . ഇതോടെ ഒരു ഘട്ടത്തില്‍ പ്രായമായവരെയും കുട്ടികളെയും പുറത്തിറക്കുന്നത് അസാധ്യമായി.

sameeksha-malabarinews

ഈ ഘട്ടത്തിലാണ് മുനിസിപ്പില്‍ കൗണ്‍സിലറായ ഉസ്മാനും വില്ലേജ് ഓഫീസര്‍ നാരായണന്‍കുട്ടിയും, രക്ഷാപ്രവര്‍ത്തകരും മത്സ്യതൊഴിലാളികളുടെ സഹായം തേടാന്‍ തീരുമാനിച്ചത്.

തൂടര്‍ന്ന് തങ്ങളുടെ ജീവിതമാര്‍ഗ്ഗമായ തോണികളുമായി രക്ഷാപ്രവര്‍ത്തനത്തിനായി ഇവര്‍ പാഞ്ഞെത്തുകയായിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ഇവര്‍ ഗര്‍ഭിണികളെയും,വൃദ്ധജനങ്ങളേയും, കൈക്കുഞ്ഞുങ്ങളേയുമടക്കം നൂറുകണക്കിന് ആളുകളെ തങ്ങളുടെ മനക്കരുത്തില്‍ വീടുകളില്‍ നിന്ന് തോണികളില്‍ കയറ്റിക്കൊണ്ടുവരികയായിരുന്നു.

പരിചയമില്ലാത്ത വഴികളിലെയും വയലുകളിലേയും വന്‍ മണ്‍കുഴികളും കിടങ്ങുകളേയും കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളൊന്നും ഇവരെ പിന്നോട്ടടുപ്പിച്ചില്ല. കുട്ടികളെ തോളിലേറ്റിയും പ്രായമുള്ളവരെ തോണിയിലിരുത്തിയും ഇവര്‍ ക്യാമ്പുകളേലേക്ക് കൊണ്ടുവരികയായിരുന്നു. വിളിച്ചിട്ട് വീട്ടില്‍ നിന്ന് വരാന്‍ തയ്യാറാകാത്ത ചിലരെ സ്ഥലത്തുണ്ടായിരുന്ന എക്‌സൈസുകാരെ തോണിയില്‍ കയറ്റിക്കൊണ്ടുപോയി കാക്കികാണിച്ച് എടുത്തുകൊണ്ടുവരാനും ഇവര്‍ മടികാണിച്ചില്ല.

യമഹ ഉപയോഗിച്ച് തോണിപ്രവര്‍ത്തിപ്പിച്ചാല്‍ വീടുകള്‍ക്ക് തകരാറുണ്ടുവുമെന്ന് മനസ്സിലാക്കി തണുത്ത വെള്ളത്തിലൂടെ തോണി തുഴഞ്ഞും വലിച്ചുമാണ് തോണിയുമായി ഇവര്‍ വീടുകളിലേക്കെത്തിയത്.

അതിരാവിലെ മുതല്‍ ഉച്ചവരെ ജലപാനം പോലും നടത്താതെ ഇവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
അധികൃതരോടും നാട്ടുകാരോടും ഇവര്‍ ഒരു കാര്യം മാത്രമെ പറഞ്ഞൊള്ളു….
ഒരു ജീവന്‍ പോലും നമ്മുടെ നാട്ടില്‍ നഷ്ടപ്പെടരുത്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!