വിമാനപകടത്തില്‍ നിന്നും രാഹുല്‍ഗാന്ധി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

downloadദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിമാനപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. രാഹുല്‍ഗാന്ധി സഞ്ചരിച്ചിരുന്ന ജെറ്റ് വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കവെ റണ്‍വേയിലേക്ക് ഒരു വ്യോമസേന വിമാനവും എത്തിയതാണ് അപകടസാധ്യതയുണ്ടാക്കിയത്.

രാഹുല്‍ഗാന്ധി സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനത്തിന് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ എയര്‍ ട്രാഫിംഗ് കണ്‍ട്രോള്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതെ റണ്‍വെയില്‍ വ്യോമസേനയുടെ മറ്റൊരു വിമാനം ഉണ്ടായിരുന്നു. പിഴവ് മനസിലാക്കിയ എടിസി പറന്നിറങ്ങാന്‍ തുടങ്ങിയിരുന്ന രാഹുല്‍ഗാന്ധി സഞ്ചരിച്ചിരുന്ന വിമാനത്തിലെ പൈലറ്റുമാരോട് പറന്നുപൊങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് അമേരിക്കന്‍ നിര്‍മ്മിത സെസാന സിറ്റേഷന്‍ എന്ന വിമാനത്തിലെ പൈലറ്റുമാര്‍ തിരികെ പറന്നുപൊങ്ങിയെങ്കിലും വലിയ അപകടസാധ്യ ഉണ്ടായിരുന്നെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

അതെസമയം രാഹുല്‍ഗാന്ധി യാത്രചെയ്തിരുന്ന വിമാനത്തിന് ലാന്‍ഡിംഗ് സന്ദേശം നല്‍കുന്നതില്‍ പിഴവുവരുത്തിയ എയര്‍ ട്രാഫിംഗ് കണ്‍ട്രോളിന്റെ നടപടിയെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.