ജമ്മു കാശ്മീരില്‍ പിഡിപി – ബിജെപി സഖ്യം രൂപീകരിക്കും

mufti-mohammed-saeed_650x400_51423747861ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു ബി ജെ പിയും പി ഡി പിയും ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രൂപീകരണത്തിന്റെ അന്തിമ ചര്‍ച്ചകള്‍ക്കായി പി ഡി പി ചെയര്‍മാന്‍ മുഫ്തി മുഹമ്മദ് സെയ്ദും അധ്യക്ഷ മെഹ്ബൂബ മുഫ്തിയും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ സന്ദര്‍ശിക്കും.

ഒരുമാസം പിന്നിടുന്ന രാഷ്ട്രപതി ഭരണത്തിന് അവസാനം കുറിച്ചാണ് പി ഡി പി ബി ജെ പി സഖ്യം കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ജമ്മു കാശ്മീരില്‍ ഇതാദ്യമായാണ് ബി ജെ പി സര്‍ക്കാരില്‍ പങ്കാളിയാകുന്നത്. സര്‍ക്കാരില്‍ പങ്കാളിയാകുമെങ്കിലും മുഖ്യമന്ത്രി സ്ഥാനം തല്‍ക്കാലം ബി ജെ പിക്ക് കിട്ടില്ല.

പി ഡി പി നേതാവ് മുഫ്തി മുഹമ്മദ് സയ്ദ് ആണ് മുഖ്യമന്ത്രി സ്ഥാനത്തെത്തുക എന്ന കാര്യത്തില്‍ ഇരുപാര്‍ട്ടികളും നേരത്തെ ധാരണയായിരുന്നു. ബി ജെ പിയുടെ നിര്‍മ്മല്‍ സിങ്ങിന് ഉപമുഖ്യമന്ത്രിയാകാം. മുഖ്യമന്ത്രി സ്ഥാനവും ഭരണഘടനയുടെ 370 ാം വകുപ്പും സംബന്ധിച്ച ആശയക്കുഴപ്പങ്ങളാണ് സര്‍ക്കാര്‍ രൂപീകരണം ഇത്രയും വൈകിപ്പിച്ചത്.

ഭൂരിപക്ഷത്തിന് 44 പേരുടെ പിന്തുണ വേണ്ട ജമ്മു കാശ്മീരില്‍ ഇത്തവണ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 28 സീറ്റോടെ പി ഡി പി വലിയ ഒറ്റക്കക്ഷിയായപ്പോള്‍ ബി ജെ പിക്ക് 25 സീറ്റുകളാണ് കിട്ടിയത്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഉടന്‍ തന്നെ പ്രഖ്യാപനമുണ്ടാകും. പിന്നാലെ നേതാക്കള്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശം ഉന്നയിക്കും.