പിസി ജോര്‍ജ് രാജിസന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചു

pc-george1തിരുവനന്തപുരം: യു ഡി എഫ് നേതാക്കളെ രാജി സന്നദ്ധത അറിയിച്ചതായി ചീഫ് വിപ്പ് പി സി ജോര്‍ജ്. താന്‍ രാജി വയ്ക്കണമെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി ആവശ്യപ്പെട്ടെന്നാണു മനസിലാക്കുന്നതെന്നും എന്നാല്‍ ഇക്കാര്യം തന്നോടാവശ്യപ്പെട്ടില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു.

എങ്കിലും ഞാന്‍ രാജി സന്നദ്ധത അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോടും പി കെ കുഞ്ഞാലിക്കുട്ടിയോടുമാണു രാജി സന്നദ്ധത അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായായിരുന്നു ജോര്‍ജ്.

രാജിക്കത്തുമായാണു താന്‍ നേതാക്കളെ സന്ദര്‍ശിച്ചത്. എന്നാല്‍ അതു വാങ്ങിയില്ല. പ്രശ്‌നം യു ഡി എഫില്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കണമെന്നു നേതാക്കളോട് ആവശ്യപ്പെട്ടതായും ജോര്‍ജ് പറഞ്ഞു.

തന്നെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റണമെന്ന ആവശ്യം മാണി ഉന്നയിച്ചതായി മുഖ്യമന്ത്രി പറഞ്ഞതായും ജോര്‍ജ് വ്യക്തമാക്കി. യു ഡി എഫില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നും വേണ്ടി വന്നാല്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.