നരഭോജി കടുവയെ വെടിവച്ചുകൊല്ലാന്‍ നിര്‍ദ്ദേശം

tigerകല്‍പ്പറ്റ: കേരളാ തമിഴ്‌നാട് അതിര്‍ത്തിയായ പാട്ടവയലില്‍ നരഭോജിയായ കടുവയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. കടുവയെ വെടിവെച്ചുകൊല്ലാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതിനിടയില്‍ കടുവയെ സംരക്ഷിക്കാന്‍ സര്‍ക്കാരും വനപാലകരും ശ്രമിക്കുന്നുവെന്നാരോപിച്ച് പന്തല്ലൂര്‍ താലൂക്കില്‍ വിവിധ രാഷ്ട്രീയ സംഘടനകള്‍ നടത്തുന്ന പ്രതിഷേധം അക്രമസക്തമാകുന്നു. പ്രതിഷേധക്കാര്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ രണ്ടു വാഹനങ്ങളുള്‍പ്പടെ അഞ്ചു വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. വനംവകുപ്പ് ഓഫീസിന് സമരക്കാര്‍ തീയിടുകയും ചെയ്തു.

അതേസമയം രണ്ടു പേരെ കൊലപ്പെടുത്തി ഭീതിവിതച്ച നരഭോജിയായ കടുവയെ വെടിവച്ചു കൊല്ലാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച നിര്‍ദേശം വനംവകുപ്പ് വാക്കാല്‍ ഉദ്യോഗസ്ഥര്‍ക്കു നല്‍കി. കടുവയെ കണ്ടെത്താന്‍ തമിഴ്‌നാട് വനംവകുപ്പിന്റെ സഹായം തേടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേകസംഘത്തെ നിയോഗിച്ചേക്കും.

കടുവയെ ജീവനോടെ പിടികൂടുക പ്രയാസമായതോടെയാണു കൊല്ലാന്‍ തീരുമാനിച്ചത്. മുത്തങ്ങ വനമേഖലയില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവ കുടുങ്ങിയിരുന്നില്ല. വനാതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്കു വനംവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയോടെയാണു കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചത്. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ പാട്ടവയലിലെ തേയിലക്കാട്ടില്‍ ജോലി ചെയ്യുകയായിരുന്ന മഹാലക്ഷ്മിയെയാണു കടുവ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പുത്തൂര്‍ സ്വദേശി ഭാസ്‌കരനും കടുവയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു.