ഒടുവില്‍ ഉണ്ണിക്കൃഷ്‌ണന്റെ കുടുംബം ദാരിദ്ര്യത്തിലല്ലെന്ന്‌ ഭാര്യ

Untitled-1 copyപാലക്കാട്‌: അന്തരിച്ച മലയാളത്തിന്റെ പ്രിയനടന്‍ ഒടുവില്‍ ഉണ്ണിക്കൃഷ്‌ണന്റെ കുടുംബം കടുത്ത ദാരിദ്ര്യത്തിലാണെന്ന്‌ ഒരു ചാനല്‍ നല്‍കിയ വാര്‍ത്ത തെറ്റാണെന്ന്‌ അദ്ദേഹത്തിന്റെ ഭാര്യ പത്മജ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.

ഒടുവിലിന്റെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന വാര്‍ത്ത കുടുംബത്തിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും വലിയ വേദനയും അപമാനവും ഉണ്ടാക്കിയെന്ന്‌ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത്‌ സംസാരിക്കവെ ഒടുവില്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ്‌ സി ആര്‍ സജീവ്‌, സെക്രട്ടറി കെ ഇ പത്മകുമാര്‍ എന്നിവര്‍ പറഞ്ഞു. ഒടുവിലിന്റെ മൂത്ത മകളായ പത്മിനിയുമായി സംസാരിച്ച ലേഖകന്‍ ചാനലിലൂടെ കാര്യങ്ങള്‍ തെറ്റായി ചിത്രീകരിക്കുകയായിരുന്നു.

തന്റെ ഭര്‍ത്താവ്‌ സിനിമയിലൂടെ വലിയ സമ്പത്തൊന്നും ഉണ്ടാക്കിയിട്ടില്ലെങ്കിലും കുടുംബത്തിന്‌ മാന്യമായി ജീവിക്കാനുള്ള പണം കലയിലൂടെ സമ്പാദിച്ചിരുന്നുവെന്ന്‌ പത്മജ പറഞ്ഞു. ഈ വാര്‍ത്ത പുറത്തു വന്നതോടെ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു വിളിച്ച്‌ വിവരങ്ങള്‍ അനേ്വഷിച്ചിരുന്നു. രോഗബാധിതനായ സമയത്ത്‌ ഒടുവില്‍ ഉണ്ണിക്കൃഷ്‌ണനെ സിനിമാരംഗത്തെ പലരും സഹായിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം തങ്ങള്‍ ആരോടും സഹായം അഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും സിനിമാരംഗത്തുള്ളവര്‍ സഹായിച്ചില്ലെന്ന്‌ പറയുന്നതും തെറ്റാണ്‌. കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഒടുവില്‍ ഫൗണ്ടേഷന്‍ എല്ലാ കാര്യങ്ങളിലും കുടുംബത്തോടൊപ്പം സഹകരിക്കുന്നുണ്ടെന്നും ഭാര്യ പത്മജ പറഞ്ഞു.

ചാനല്‍ വഴി പുറത്തു വന്ന ഈ വാര്‍ത്തയുടെ നിജസ്ഥിതി അറിയിക്കുന്നതിനായാണ്‌ വാര്‍ത്താസമ്മേളനം നടത്തിയതെന്നും പത്മജ പറഞ്ഞു.