മസ്‌കത്തില്‍ സര്‍ക്കാര്‍ മേഖലയിലെ വിദേശികള്‍ക്കും വിസ പുതുക്കുമ്പോള്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കുന്നു

untitled-1-copyമസ്‌കത്ത്: വിസ പുതുക്കുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ തൊഴിലെടുക്കുന്ന വിദേശ ജീവനക്കാര്‍ക്കും ഇനിമുതല്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കും. ഇതുവരെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മാത്രമാണ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ വൈദ്യപരിശോധന നടത്തേണ്ടിയരുന്നത്. പുതുക്കിയ നിയമ പ്രകാരം സര്‍ക്കാര്‍ വകുപ്പുകളിലെയും കമ്പനികളിലെയും ജീവനക്കാര്‍ വിസ പുതുക്കുന്ന സമയം സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള മെഡിക്കല്‍ ഹെല്‍ത്ത് സെന്ററുകളില്‍ പരിശോധനയ്ക്ക് വിധേയരാക്കണം.

പൊതുജനാരോഗ്യത്തിന് ഭീഷണിയായ പകര്‍ച്ചവ്യാധികളില്‍ നിന്നുള്ള പൂര്‍ണ സംരക്ഷണമാണ് പുതിയ തീരുമാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പരിശോധനക്ക് പ്രത്യേകം ഫീസ് ചുമത്തിയിട്ടില്ല. ബന്ധപ്പെട്ട തൊഴിലുടമകളില്‍ നിന്നും പൂരിപ്പിച്ച ഫോറവുമായി സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളിലെത്തി പരിശോധനക്ക് ഹാജരാവുകയാണ് വേണ്ടതെന്ന് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.

ഇതോടൊപ്പം തന്നെ രാജ്യത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്കും വൈദ്യപരിശോധനാ നടപടികള്‍ നിര്‍ബന്ധമാക്കണമെന്ന അഭിപ്രായവും ആരോഗ്യമേഖലിയില്‍ നിന്ന് ഉയരുന്നുണ്ട്.