മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അക്രമം അപലപനീയം;കുമ്മനം രാജശേഖരന്‍

kummanamപാലക്കാട്‌: മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നേരെ ഇന്നലെ നടന്ന ആര്‍എസ്‌എസ്‌ അക്രമം അപലപനീയമെന്ന്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്നും മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുമെന്നും അദേഹം പറഞ്ഞു. അതേ സമയം വിഷയത്തില്‍ ആര്‍എസ്എസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്. പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണു, നെല്ലായ സ്വദേശികളായ സുബ്രഹ്മണ്യന്‍, കൃഷ്ണന്‍ എന്നിവരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.

ഇന്നലെ ഒറ്റപ്പാലം കോടതി വളപ്പിലായിരുന്നു മാധ്യമപ്രവര്‍ത്തരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. മാധ്യമപ്രവര്‍ത്തകനെ കഴുത്ത് ഞെരിച്ച് ആക്രമിക്കുകയും പ്രാദേശിക ചാനല്‍ പ്രവര്‍ത്തകന്റെ ക്യാമറ എറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ടര്‍ ശ്രീജിത്ത് കോമ്പാല, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ശ്യാം കുമാര്‍, പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നേരെയായിരുന്നു ആക്രമണം