ഛത്തീസ്‌ഗഢില്‍ മാവോയിസ്‌റ്റുകള്‍ തട്ടിക്കൊണ്ട്‌ പോയ 4 പോലീസുകാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Chhattisgarh_map_Bറായ്‌പൂര്‍: ഛത്തീസ്‌ഗഢിലെ ബീജാപൂര്‍ ജില്ലയില്‍ മാവോയിസ്‌റ്റുകള്‍ തട്ടിക്കൊണ്ട്‌ പോയ 4 പോലീസ്‌ കോണ്‍സ്‌റ്റബിള്‍ മാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മാവോയിസ്‌റ്റുകള്‍ തട്ടിക്കൊണ്ട്‌ പോയ സ്ഥലത്തു നിന്ന്‌ 5 കിലോമീറ്റര്‍ അകലെയാണ്‌ ജയദേവ്‌ യാദവ്‌, മംഗള്‍ സോധി, രാജു തേല, രാമ മാജി എന്നീ പോലീസുകാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌. ഛത്തീസ്‌ഗഢ്‌ സര്‍ക്കാരിന്റെ മാവോയിസ്‌റ്റ്‌ വിരുദ്ധ സേനയ്‌ക്ക്‌ രഹസ്യ വിവരങ്ങള്‍ എത്തിച്ച്‌ കൊടുക്കുന്നവരാണ്‌ ഇവരില്‍ രണ്ട്‌ പേര്‍.

ബീജാപൂരില്‍ നിന്നും കുതാരു ഗ്രാമത്തിലേക്കുള്ള ബസ്‌ തടഞ്ഞു നിര്‍ത്തിയാണ്‌ രണ്ട്‌ പോലീസുകാരെ മാവോയിസ്‌റ്റുകള്‍ പിടിച്ചത്‌. തുടര്‍ന്ന്‌ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മറ്റ്‌ രണ്ട്‌ പോലീസുകാരെയും മാവോയിസറ്റുകള്‍ തട്ടിക്കൊണ്ട്‌ പോവുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വനത്തിന്‌ സമീപത്തെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

പോലീസുകാരെ മാവോയിസ്‌റ്റുകളാണ്‌ തട്ടിക്കൊണ്ടുപോയതെന്ന്‌ പോലീസ്‌ നേരത്തെ സ്ഥിരീകരിച്ചിരുന്നു. മാവോയിസ്‌റ്റ്‌ ഭീഷണി നില നില്‍ക്കുന്ന പ്രദേശമായതിനാല്‍ ഉദ്യോഗസ്ഥരെ മതിയായ സുരക്ഷ ഇല്ലാതെ സഞ്ചരിക്കാന്‍ അനുവദിക്കാറില്ലെന്നും എന്നാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ്‌ ഇവര്‍ ബീജാപൂരിലേക്ക്‌ പോയതെന്നും പോലീസ്‌ പറഞ്ഞു.