മലയാള സിനിമയിലെ പ്രമുഖ നടിയെ കാറിനുള്ളില്‍ ബന്ധിയാക്കി ഗുണ്ടാ ആക്രമണം

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടിക്കു നേരെ ഗുണ്ടാ ആക്രമണം. കൊച്ചിയില്‍ വെച്ചാണ് ഒരു സംഘം നടിയെ ആക്രമിച്ചത്. കാറിനുള്ളില്‍ ബന്ധിയാക്കിയ ശേഷമായിരുന്നു ആക്രമം. ആക്രമികള്‍ നടിയുടെ അപകീര്‍ത്തികരമായ വീഡിയോ പകര്‍ത്തിയെന്നും ആരോപണമുണ്ട്. സംഭവത്തില്‍ പോലീസ് നടിയുടെ മൊഴിയെടുത്തു.

ഇന്നലെ രാത്രി ഒന്‍പതരമണിയോടെയാണ് അഞ്ചംഗ സംഘം നടിയെ ആക്രമിച്ചത്. തൃശൂരില്‍ നിന്നും ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും എറണാകുളത്തേക്ക് മടങ്ങവെയാണ് നടിയുടെ കാര്‍ തടഞ്ഞുവെച്ച് ഡ്രൈവറെ മാറ്റി കാറില്‍ കയറിയ സംഘം ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പാലരിവട്ടത്ത് കാര്‍ ഉപേക്ഷിച്ച് നടി അപ്പോള്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധായകന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി സുനിലാണ് മുഖ്യസൂത്രധാരനെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

അതെസമയം നടിയുടെ പേര് വെളിപ്പെടുത്തരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദേശമുണ്ട്.