ലോക ബാങ്ക് ഫണ്ട് വിനിയോഗത്തില്‍ മലപ്പുറം ജില്ല ഒന്നാമത്

മലപ്പുറം: ലോക ബാങ്ക് ഫണ്ട് ഉപയോഗത്തില്‍ സംസ്ഥാനത്ത് മലപ്പുറം ജില്ല ഒന്നാം സ്ഥാനത്ത്. ഇതുവരെ ലഭിച്ച 158 കോടി രൂപയില്‍ 157 കോടി രൂപയും ചെലവഴിച്ചു കഴിഞ്ഞു. ലോകബാങ്ക് ‘തദ്ദേശമിത്രം’ പദ്ധതിയില്‍ മുതുവല്ലൂര്‍ ഗ്രാമ പഞ്ചായത്തിന് ലഭിച്ച രണ്ട് കോടി അധിക ധനസഹായത്തില്‍ നിര്‍മ്മിച്ച നാല് പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്.

ചടങ്ങ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. ലോക ബാങ്കില്‍ നിന്ന് രണ്ട് കോടിയിലധികം ധനസഹായം ലഭിച്ച മുതുവല്ലൂര്‍ പഞ്ചായത്ത് 100 ശതമാനം തുക വിനിയോഗിച്ച് മറ്റ് പഞ്ചായത്തുകള്‍ക്ക് മാത്യകയായിരിക്കുകയാണ്. പറപ്പൂര്‍, തവനൂര്‍, പരതക്കാട് എന്നിവിടങ്ങളിലെ ഗവ. സ്‌കൂളുകള്‍ക്കും ആയുര്‍വ്വേദ ആശുപത്രി എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. മൊത്തം രണ്ട് കോടി രൂപയില്‍ വിദ്യാഭ്യാസ മേഖലയില്‍ ഏഴ് ആരോഗ്യ പദ്ധതികളാണ് മുതുവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ലോക ബാങ്ക് ഫണ്ടില്‍ ആവിഷ്‌കരിച്ചത്. ഇതില്‍ ഒന്നാം മൈല്‍ അംഗന്‍വാടി,പാണാട്ടാലുങ്ങല്‍ അംഗന്‍ വാടി എന്നിവ നേരത്തെ പ്രവര്‍ത്തനം ആരംഭിച്ചു. 70 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ ആരോഗ്യ കേന്ദ്രം കൂടി ഉദ്ഘാടനത്തിന് ഒരുങ്ങി നില്‍ക്കുകയാണ്.

ചടങ്ങില്‍ ടി.വി. ഇബ്രാഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സറീന ഹസീബ്, . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ സഗീര്‍, വൈസ് പ്രസിഡന്റ് റഹ്മ മുജീബ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി. മൊയ്തീന്‍ കോയ, ലോക ബാങ്ക് ‘തദ്ദേശ മിത്രം’ ജില്ലാ കോഡിനേറ്റര്‍ ഇ. വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.