വളളിക്കുന്ന്റെയിൽവേ അടിപ്പാത നിർമ്മാണത്തിലെ അപാകതകൾ പരിശോധിച്ചു  

പരപ്പനങ്ങാടി:വളളിക്കുന്നിലെ റെയിൽവേ അടിപ്പാതയുടെ അപ്രോച്ച് റോഡിന്‍റെ നിർമ്മാണപ്രവൃത്തികൾ പരിശോധിക്കുന്നതിന് റെയിൽവേയുടെയും പൊതുമരാമത്ത് വകുപ്പിന്‍റെയും എഞ്ചിനീയ?ർമാർ സ്ഥലം സന്ദർശിച്ചു. ഗ്രാമപ്പഞ്ചായത്ത് അധികൃതരും,ഡവലപ്മെൻറ് കമ്മിററി ഭാരവാഹികളും  അണ്ടർ ബ്രിഡ്ജ് നിർമ്മാണത്തിലെ അപാകതകൾ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി.

സംയുക്ത പരിശോധനക്കും ചർച്ചകൾക്കും ശേഷം തുടർ പ്രവൃത്തികൾക്ക് അന്തിമരൂപം നൽകി. അടിപ്പാതയുടെ ഇരുഭാഗങ്ങളിലും വാഹനങ്ങൾക്ക് സൈഡ് പാർക്കിംഗിന് അപ്രോച്ച് റോഡിൽ സ്ഥലം അനുവദിക്കും. അടിപ്പാതയുടെ ഉൾഭാഗത്ത് വെളളത്തിൻെറ ചോർച്ച പൂർണ്ണമായും ഇല്ലാതാക്കും. അടിപ്പാതയുടെ അപ്രോച്ച് റോഡ് വേനൽകാലത്ത് തന്നെ പൂർത്തീകരിക്കാൻ ശ്രമിക്കും.

പഞ്ചായത്ത് പ്രസിഡണ്ട് എൻ ശോഭന, ടി. എ. കമൽരാജ് (ഡിവിഷണൽ എഞ്ചിനീയർ ബ്രിഡ്ജസ്), യെസ്. അനിൽ കുമാർ (അഡീഷണൽ ഡിവിഷണൽ എഞ്ചിനീയർ),  ബാബു റാഫേൽ (എക്സിക്യൂട്ടീവ് എഞ്ചിനീയർ ബ്രിഡ്ജസ്),  ടി. ഹബീബ് റഹ്മാൻ (സീനിയർ സെക്ഷൻ എഞ്ചിനീയർ), പി അബ്ദുല്ല (അസിസ്ററൻറ് എഞ്ചിനീയർ  പി. ഡബ്ളിയു. ഡി.), ശ്രീമതി  ലിജു (പി. ഡബ്ളിയു. ഡി.ഓവർസിയർ ), സ്ററാൻറിംഗ് കമ്മിററി ചെയർമാൻ നിസാർ കുന്നുമ്മൽ, റെയിൽവേ സ്റേറഷൻ ഡവലപ്മെൻറ് കമ്മിററി സെക്രട്ടറി പി. പി. അബ്ദുൽറഹ്മാൻ, ഗ്രാമപ്പഞ്ചായത്ത് അംഗം  ഒ.ലക്ഷ്മി, വികസന സമിതി അംഗം ടി. കെ. കറപ്പൻ എന്നിവർ പങ്കെടുത്തു.