തിരൂരില്‍ വിവാഹ തട്ടിപ്പുകാരന്‍ പിടിയില്‍

തിരൂര്‍: വിവാഹ തട്ടിപ്പുകാരന്‍ പിടിയിലായി. തിരൂര്‍ മാവും കുന്ന് സ്വദേശി മുഹമ്മദ് ആഷിഖ്(38) ആണ് പിടിയിലായത്. മതപ്രബോധനത്തിന്റെ മറവില്‍ സ്ത്രീകളെ വശീകരിച്ച് വിവാഹം ചെയ്യുന്നതാണ് ഇയാളുടെ രീതി.

മതപ്രബോധനത്തിന്റെ പേരില്‍ വീടുകളില്‍ നിത്യസന്ദര്‍കനായ ആഷിഖ് പെണ്‍കുട്ടികളെ വശീകരിച്ച് സ്വന്തമാക്കാറാണ് പതിവെന്ന് പോലീസ് പറഞ്ഞു. തിരൂര്‍ തലക്കടത്തൂര്‍ സ്വദേശിനിയായ യുവതിയുടെ കല്ല്യാണത്തിന് തടസ്സമായതോടെയാണ് ഇയാള്‍ക്കെതിരെ നാട്ടുകാര്‍ കെണിയൊരുക്കിയത്.

വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയുടെ പ്രതിശ്രുത വരനെ പ്രതി ദൂതന്‍വഴി വിദേശത്തുവെച്ച് വിവാഹം മുടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ അമര്‍ഷത്തിലായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആഷിഖിനെ തന്ത്രത്തില്‍ തലക്കടത്തൂരില്‍ വിളിച്ചുവരുത്തുകായയിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു.

തിരൂര്‍, വടകര, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നായി ഇയാള്‍ അഞ്ച് വിവാഹങ്ങള്‍ കഴിച്ചതായും ഇയാള്‍ക്ക് 12 മക്കളുള്ളതായും എസ്‌ഐ സുമേഷ് സുധാകര്‍ പറഞ്ഞു.