താനൂര്‍ നഗരസഭയില്‍ കൗണ്‍സിലര്‍ക്ക് നേരെ സെക്രട്ടറിയുടെ ആക്രമണം

താനൂർ :വീടുകൾക്കുള്ള അപേക്ഷകളിൽ നഗരസഭ സെക്രട്ടറി നടപടി വൈകിപ്പിക്കുന്നെന്നാരോപിച്ച് കൗൺസിലറുടെ പ്രധിഷേധം സംഘർഷത്തിൽ കലാശിച്ചു. എൽഡിഎഫ് കൗൺസിലർ പിടി ഇല്യാസ്, കോൺഗ്രസ് കൗൺസിലർ ലാമിഹ് റഹ്മാൻ എന്നിവർക്ക് പരിക്ക്.

ജനങ്ങളുടെ ന്യായമായ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാതെ സെക്രട്ടറി അലംഭാവം കാട്ടുകയാണെന്ന് ആരോപിച്ച് സെക്രട്ടറിയുടെ ഓഫിസില്‍ കോൺഗ്രസ് കൗണ്‍സിലര്‍ ലാമിഹ് റഹ്മാൻ പ്രതിഷേധിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. സെക്രട്ടറി കൗൺസിലർക്ക് നേരെ ആക്രമണം നടത്തിയതിനെ തുടർന്ന് ഇടതുപക്ഷ കൗൺസിലറായ പി ടി ഇല്യാസ് ഇടപ്പെടുകയായിരുന്നു. തുടർന്ന് സെക്രട്ടറി ഇല്യാസിനെ ആക്രമിച്ചു. തൊഴി കൊണ്ട് വീണ ഇല്യാസിന്റെ കൈയ്ക്ക് പരിക്കേറ്റു. ലാമിഹ് റഹ്മാനെയും പി ടി ഇല്യാസിനെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൗൺസിലറെ സെക്രട്ടറി മർദിക്കുന്നത് കണ്ടാണ് താൻ എത്തിയതെന്നും പിന്നിട് സെക്രട്ടറി തന്നെ മർദ്ധിക്കുകയാണുണ്ടായതെന്നും കൗൺസിലർ പി ടി ഇല്യാസ് പറഞ്ഞു. കൗൺസിലർമാരുടെ പരാതിയിൽ താനൂർ പൊലീസ് കേസെടുത്തു.

നഗരസഭ സെക്രട്ടറിയുടെ നിലപാടിൽ സിപിഐ എം പ്രവർത്തകർ പ്രതിഷേധം തീർത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധത്തിൽ പങ്കു ചേർന്നു. പ്രതിഷേധം മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കെ യുഡിഎഫ് കൗണ്‍സിലര്‍ എം പി മുഹമ്മദ് അഷ്റഫ് ജീവനക്കാരെ ന്യായീകരിച്ച് രംഗത്തെത്തിയതോടെ വീണ്ടും നഗരസഭാ ഓഫിസ് മുന്നില്‍ പ്രധിഷേധങ്ങൾ ഉയർന്നു. സംഭവം ഉന്തും തള്ളിലുമെത്തിയതോടെ താനൂര്‍ സി ഐ സി അലവിയുടെ നേതൃത്വത്തില്‍ ‍ പൊലിസെത്തി പ്രശ്നത്തില്‍ ഇടപെട്ടു.

ജനാധിപത്യ രീതിയിൽ സംസാരിക്കാൻ ചെന്ന  കൗൺസിലർമാർക്കെതിരെ കടന്നാക്രമണം നടത്തിയ നഗരസഭ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐ എം താനൂർ – തീരദേശ ലോക്കൽ കമ്മിറ്റികൾ പ്രസ്താവനയിൽ പറഞ്ഞു.

കച്ചവട സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാതെ നഗരസഭാ സെക്രട്ടറി ബുദ്ധിമുട്ടിക്കുകയാണെന്ന് താനൂരിലെ വ്യാപാരികള്‍ പറഞ്ഞു.  ഭരണസ്വാധീനം ഉപയോഗിച്ചും രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കിയുമാണ് പല ജിവനക്കാരും പദവിയില്‍ തുടരുന്നതെന്നാണ് വ്യാപാരികളുടെ ആരോപണം. പ്രതിദിനം നല്ലൊരു തുക  കൈക്കൂലിയായി തന്നെ സമ്പാദിക്കുന്നുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു. ഈയൊരു സാഹചര്യത്തില്‍ സെക്രട്ടറിയെ സ്ഥാനത്തു നിന്ന് മാറ്റണമെന്നും  വ്യാപാരികൾ ആവശ്യപ്പെട്ടു.