കെട്ടുങ്ങല്‍ അഴിമുഖത്ത് അപകട മരണങ്ങള്‍ പതിവാകുന്നു

പരപ്പനങ്ങാടി:കടലിനാലും പുഴകളാലും അതിരിട്ട ഉപദ്വീപായ  പരപ്പനങ്ങാടി നഗരസഭയിലെ കെട്ടുങ്ങല്‍ അഴിമുഖത്ത് മുങ്ങി മരണങ്ങള്‍ പതിവാകുന്നു. പ്രകൃതി രമണീയത നിറഞ്ഞു തുളുമ്പുന്ന കെട്ടുങ്ങല്‍ അഴിമുഖത്ത് എത്തുന്നവര്‍ ഇവിടെ ആവര്‍ത്തിക്കുന്ന അപകടമരണ വാര്‍ത്തകള്‍ അവഗണിക്കുന്നതാണ് വീണ്ടും ദുരന്തങ്ങള്‍ തുടരുന്നത്.പൊതുവെ നല്ല കുത്തൊഴുക്കും അടിയോഴുക്കുമുള്ള സ്ഥലമാണ് കെട്ടുങ്ങല്‍ അഴിമുഖം.

മഴക്കാലങ്ങളില്‍ ഇതിനു ശക്തിയേറും.നിലമ്പൂരില്‍ ഉരുള്‍പൊട്ടലുണ്ടായാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ അഴിമുഖം അടയാളപ്പെടുത്തും. പുഴവഴി കലക്കുവെള്ളം അറബിക്കടലിലെത്തും. ഒഴിവുദിനങ്ങളിലും ആഘോഷ ദിവസങ്ങളിലും നൂറുകണക്കിന് കുട്ടികളും സ്ത്രീകളും അടങ്ങുന്ന വിനോദസഞ്ചാരികളാണ് ഇവിടേയ്ക്ക് ഒഴുകിയെത്താറുള്ളത്.കൂടാതെ ദിവസവുമുള്ള സായാഹ്നങ്ങളിലും അസ്തമയ സൂര്യന്‍റെ വര്‍ണ്ണ ശോഭ ആസ്വദിക്കാന്‍ നിരവധി ആളുകള്‍ ഇവിടെഎത്തുന്നുണ്ട്.

അഴിമുഖത്തിന്‍റെ തെക്കേ കരയിലാണ് താനൂര്‍ ടൂറിസ്റ്റ് കേന്ദ്രം. ഈ രണ്ടിടങ്ങളില്‍ നിന്നുള്ളവരും കടലിലും പുഴയിലും ഇറങ്ങി കുളിക്കാന്‍ തിടുക്കം കാട്ടാറുണ്ട്‌. എന്നാല്‍ പുഴയിലെ  അടിയൊഴുക്കും മരണത്തെ മാടിവിളിക്കുന്ന കടലിലെ തിരമാലകളുടെ ശക്തിയും മനസ്സിലാക്കാതെ കുളിക്കാനിറങ്ങുന്നതാണ് പലപ്പോഴുംദുരന്തത്തിനിടയാക്കുന്നത്. വിജനമായ പ്രദേശമായതിനാലും ടൌണില്‍ നിന്നു ഊടുവഴി കിലോമീറ്ററുകള്‍ ദൂരവുമുണ്ട്ഇവിടേക്ക്. അതിനാല്‍ തന്നെ അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പവുമാകില്ല. കൂടാതെ വൈദ്യുതിയും തെരുവ് വിളക്കുകളും ഇവിടെ ഇല്ല. തീരദേശ പാതയിലെ ഏറ്റവും വലിയ പാലം ഇവിടെയാണ് പൂര്‍ത്തിയായത്. എന്നാല്‍ താനൂര്‍ ഭാഗത്ത് അപ്രോച്ച് റോഡ്‌ പൂര്‍ത്തിയായാകാത്തതിനാല്‍ ഗതാഗതം ആരംഭിച്ചിട്ടില്ല. പാലത്തിലൂടെ വാഹന ഗതാഗതം ആരംഭിക്കുന്നതോടെ മാത്രമേ ഇവിടെ വൈദ്യുതി എത്തുകയുള്ളു. അപകട മേഖലയാണെന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്നു നടപടി ഉണ്ടായാലെ ദുരന്തം ആവര്‍ത്തിക്കാതിരിക്കുകയുള്ളൂ എന്ന കണക്കുകൂട്ടലിലാണ് നാട്ടുകാര്‍