തൊണ്ണൂറ്റി ഒമ്പതാം വയസിലും  നാടിനു തണലായി ഒരു സ്വാതന്ത്ര്യ സമര സേനാനി

കരുണാകരന്‍ മാസ്റ്റര്‍

പരപ്പനങ്ങാടി:  നാടിന്റെ സ്വാതന്ത്ര്യത്തിനായി  ചോക്കുയർത്തിയ അധ്യാപകൻ യു.വി. കരുണാകരൻ മാസ്റ്റർ.  ബ്രിട്ടീഷ് പോലീസിന് തീവ്രവാദി, സ്വാതന്ത്ര്യത്തിന്റെ മുന്‍പ്‌ നാടിന് അക്ഷര വെളിച്ചം പകർന്ന കരുണാകരൻ മാസ്റ്ററെ ബ്രിട്ടീഷ് സർക്കാർ  രാജ്യദ്രോഹ കുറ്റം ചുമത്തി അധ്യാപക വൃത്തിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു.  നാടിന് സ്വാതന്ത്ര്യം ലഭിച്ചിട്ടും കരുണാകരൻ മാസ്റ്റർ അധ്യാപക വൃത്തിയിലേക്ക് തിരിച്ചു വന്നില്ല.  അധികാരികളുടെ അക്ഷര വിരോധത്തോടുള്ള അമര്‍ഷം അത്രക്ക് ശക്തമായി മനസിൽ അലയടിച്ചു .

എന്നാൽ നാട്ടുകാർക്ക് അന്നും ഇന്നും ഇദ്ധേഹം മാസ്റ്ററാണ്.  പരപ്പനങ്ങാടി ബസ്സ്റ്റാന്റിലെ സ്വകാര്യ കെട്ടിടത്തിൽ അക്ഷര പുരയൊരുക്കി കരുണാകരൻ മാസ്റ്റർ പരപ്പനങ്ങാടിയെ സാംസ്കാരികമായി ഉയർത്തുന്നതിൽ ഈ സ്വാതന്ത്ര്യ സമര സേനാനി നിർവഹിച്ച സേവനം ഏറെ വലുതാണ്.  കോൺഗ്രസിലെ സോഷ്യലിസ്റ്റ് ചേരിയിൽ നിലയുറപ്പിച്ച് പൊതു പ്രവർത്തനം തുടങ്ങി. പിന്നീട് ജനത സോഷിലിസ്റ്റ് നേതൃ നിരയിലെത്തി , ജനതാദൾ ജില്ലാ ഉപാദ്ധ്യക്ഷനും എൽ ഡി എഫ് പ്രാദേശിക നേതാവുമായിരുന്ന കരുണാകരൻ മാസ്റ്റർ  പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പറായും സഹകരണ ബാങ്ക് ഭരണസമിതി നേതൃത്വത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

കീഴരിയൂർ ബോംബ് സ്ഫോടന മടക്കമുള്ള സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ പ്രാദേശിക പ്രവർത്തന ത്തിൽ പങ്കാളിയായ കരുണാകരൻ മാസ്റ്റർക്ക് തന്റെ നന്നെ ചെറുപ്പത്തിൽ നടന്ന 1921 ലെ മലബാർ കലാപത്തിന്റെ അലയൊലികളെ കുറിച്ച് ക്യത്യമായ ഓർമ്മയുണ്ട്. പരപ്പനങ്ങാടിയെ പത്രം വായിക്കാൻ പഠിപ്പിച്ച മാസ്റ്റർക്ക്  അര നൂറ്റാണ്ടുകാലം മുഴുവൻ പത്രങ്ങളുടെയും ഏജന്റായിരുന്നു.  കണ്ണട പോലും ആവശ്യമില്ലാതെ പരന്ന വായന പതിവാക്കിയ കരുണാകരൻ മാസ്റ്റർക്ക് വർത്തമാന രാഷ്ടീയ വിഷയങ്ങളിൽ കൃത്യമായ അഭിപ്രായവും ശക്തമായ നിലപാടുമുണ്ട്.

മൂല്യാധിഷ്ടിത രാഷ്ട്രീയ ബോധം കാത്തു സൂക്ഷിക്കുന്നതിൽ പ്രായം കരുണാകരൻ മാസ്റ്ററുടെ കരുത്ത് കളഞ്ഞിട്ടില്ല രാഷ്ട്രീയ പാർട്ടികൾ നാടിന്റെ സ്വാതന്ത്ര്യ ബോധത്തെ കുറിച്ച് അജ്ഞത നടിച്ചതു മുതൽ നാടിന്റെ നാശമാരംഭിച്ചതായി കരുണാകരൻ മാസ്റ്റർ പറഞ്ഞു.  സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും നാടിന് വേണ്ടി ജീവിതം സമർപ്പിച്ച കരുണാകരൻ മാസ്റ്റർക്ക് അർഹമായ ആദരവ് നൽകുവാൻ നാടിന്റെ പൊതു മണ്ഡലത്തിനായിട്ടില്ല.

Related Articles