കനത്ത ചൂട്; വിശ്രമ സമയം അനുവദിച്ചിട്ടും ബഹ്‌റൈനില്‍ തൊഴിലാളികള്‍ ദുരിതത്തില്‍

മനാമ: കനത്തചൂടിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് അധികൃതര്‍ വിശ്രമസമയം അനുവദിച്ചെങ്കിലും തൊഴിലാളികളുടെ ദുരിതം തീരുന്നില്ല. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് 4 മണിവരെയാണ് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വിശ്രമ സമയം അനുവദിച്ചിട്ടുള്ളത്. വിശ്രമ സമയങ്ങളില്‍ തൊഴിലാളികള്‍ക്ക് താമസ സ്ഥലത്തേക്ക് പോകാനായി കമ്പനികള്‍ വാഹനങ്ങള്‍ കൃത്യസമയത്ത് എത്തുന്നില്ല എന്നതാണ് ഒരു പ്രധാന കാരണം. വാഹനങ്ങള്‍ രണ്ടും മൂന്നും മണിക്കൂര്‍ വൈകി എത്തുന്നതോടെ പൊള്ളുന്ന വെയിലില്‍ വെന്തുരുകേണ്ട അവസ്ഥയിലാണ് തൊഴിലാളികള്‍. ചിലകമ്പനികള്‍ തൊഴിലാളികള്‍ക്ക് വിശ്രമിക്കുന്നതിനായി തൊഴിലിടങ്ങില്‍ തന്നെ താല്‍ക്കാലിക ഷെഡുകള്‍ ഒരുക്കിയിട്ടുണ്ട്.

ഇതിനുപുറമെ തൊഴിലാളികളെ കൊണ്ടുപോകാനായി വരുന്ന വാഹനങ്ങളില്‍ എര്‍കണ്ടീഷന്‍ ഇല്ലെന്നുമാത്രമല്ല ഇവരെ കൊണ്ടുപോകാനായി വരുന്ന മിനി വാനുകളില്‍ എട്ടുപേരെ കൊണ്ടുപോകാനുള്ള സൗകര്യമാണ് ഉളളത്. എന്നാല്‍ ഇതില്‍ പന്ത്രണ്ടും പതിനഞ്ചും പേരെ കുത്തിനിറച്ചാണ് കൊണ്ടുപോകുന്നത് എന്നതും ഇവരുടെ ദുരിതം ഇരട്ടിക്കുകയാണ് ചെയ്യുന്നത്.

അതെസമയം ഉച്ച വിശ്രമ സമയം ലഭിക്കാതെ ജോലി ചെയ്യേണ്ടിവരുന്ന ഒരു വിഭാഗമായ സെക്യൂരിറ്റി ജോലിക്കാരും ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. ഇവരില്‍ വളരെ ചുരുങ്ങിയവര്‍ക്ക് മാത്രമാണ് ഡ്യൂട്ടി സ്ഥലങ്ങളില്‍ വിശ്രമ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുള്ളത്. ചില സ്ഥാപനങ്ങളില്‍ നേരിട്ട് തന്നെ ഏര്‍പ്പെടുത്തുന്ന സെക്യൂരിറ്റി ജീവനക്കാര്‍ പലപ്പോഴും കൊടും ചൂടില്‍ പണിയെടുക്കേണ്ട അവസ്ഥയിലാണുള്ളത്. പ്രത്യേകിച്ചും വാഹന പാര്‍ക്കിംഗ് ജോലിക്ക് നിയോഗിക്കപ്പെടുന്ന സുരക്ഷാ ജീവനക്കാര്‍ പൊരി വെയിലില്‍ തെന്നെ ജോലി ചെയ്യുന്ന അവസ്ഥയാണ് കാണുന്നത്. പലയിടങ്ങളിലും ഇവര്‍ക്ക് വിശ്രമിക്കാന്‍ ഒരു ഷെഡുപോലുമില്ലാത്ത അവസ്ഥയാണുള്ളത്.

ഇതിനെല്ലാം പുറമെ പലതരത്തിലുള്ള വേനല്‍കാല രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്.

Related Articles