ജൈവിവൈവിധ്യ സംരക്ഷണം: പഞ്ചായത്തുകള്‍ വാര്‍ഷിക പദ്ധതി തയ്യാറാക്കും;മന്ത്രി ഡോ.കെടി ജലീല്‍

k t jaleelമലപ്പുറം: ജൈവവൈവിധ്യമുള്ള വൃക്ഷങ്ങള്‍ , വന്‍ മരങ്ങള്‍, തോടുകള്‍, കാവുകള്‍ എന്നിവ സംരക്ഷിക്കാന്‍ പുതിയ പദ്ധതികള്‍ ഗ്രാമ പഞ്ചായത്തു മുഖാന്തരം നടപ്പിലാക്കും. ഒരുവര്‍ഷം ഒരു കാവ്‌ സംരക്ഷിക്കുന്ന രീതിയില്‍ പഞ്ചായത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന്‌ തദ്ദേശ സ്വയംഭരണവകുപ്പ്‌ മന്ത്രി ഡോ.കെടി ജലീല്‍ പറഞ്ഞു. പൊതുജന പങ്കാളിത്തത്തോടെ ജില്ലാ ഭരണകാര്യാലയം ഭാരതപ്പുഴ സംരക്ഷണത്തിനായി ആവിഷ്‌കരിച്ച ‘പുനര്‍ജനി’പദ്ധതി ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള ജലസ്രോതസ്സുകള്‍ മെച്ചപ്പെടുത്തി പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ശ്രമിക്കും. പ്രകൃതി സൗഹൃദ ചുറ്റുപാട്‌ സജ്ജമാക്കിയുള്ള വികസനമാണ്‌ നാടിന്‌ അനിവാര്യമെന്നു അദ്ദേഹം പറഞ്ഞു.

തവനൂര്‍ കേളപ്പജി കാര്‍ഷിക എഞ്ചിനീയറിങ്‌ കോളെജില്‍ നടന്ന പരിപാടിയില്‍ സി. മമ്മുട്ടി എം.എല്‍.എ അധ്യക്ഷനായി. ഭൂമി എന്റേതു മാത്രമല്ല മറ്റ്‌ ജീവജാലങ്ങളുടേതുകൂടിയാണെന്ന ബോധം കുട്ടികളില്‍ വളര്‍ത്തണമെന്ന്‌ പരിപാടിയില്‍ മുഖ്യാതിഥിയായ സിനിമാ സംവിധായകന്‍ രഞ്‌ജിത്ത്‌ പറഞ്ഞു. മനസ്ഥിതിതന്നെയാണ്‌ പരിസ്ഥിതി, ബഹിരാകാശം മുതല്‍ എവറസ്റ്റ്‌ ,നാട്ടിലെ കുളങ്ങള്‍ വരെ മാലിന്യങ്ങളാല്‍ നിറഞ്ഞെന്ന്‌ മുഖ്യപ്രഭാഷണത്തില്‍ സി. രാധാകൃഷ്‌ണന്‍ അഭിപ്രായപ്പെട്ടു.ഗ്രീന്‍ പ്രോട്ടോകോളിന്റെ ലോഗോ മന്ത്രി ജില്ലാ കലക്‌ടര്‍ വെങ്കിടേസപതിക്ക്‌ കൈമാറി പ്രകാശനം ചെയ്‌തു.
‘പുനര്‍ജനി’പദ്ധതിയുടെ ഭാഗമായി ‘നിള’, ഗായത്രി, പേരാര്‍, എന്നീ മൂന്ന്‌ വേദികളിലായി വിവിധ സംവാദ പരിപാടികള്‍ നടന്നു. ‘നിള’ വേദിയില്‍ പരിസ്ഥിതിയും സാഹിത്യവും സംവാദത്തില്‍ കെ. ജയകുമാര്‍, സി. രാധാകൃഷ്‌ണന്‍, പി. സുരേന്ദ്രന്‍, മിനി പ്രസാദ്‌ എന്നിവര്‍ പങ്കെടുത്തു. ‘ഗായത്രി’ വേദിയില്‍ ജലസംരക്ഷണത്തിന്റെ പ്രാധാന്യവും പരിസ്ഥിതി പരിപാലനവും വിഷയത്തില്‍ ജാഫര്‍ പാലോട്ട്‌, വി.എം. അബ്‌ദുല്‍ ഹക്കീം, ടി.വി സജീവ്‌, മനോജ്‌ സാമുവല്‍ എന്നിവര്‍ ജൈവ വൈവിധ്യങ്ങള്‍, കേരളത്തിലെ ജലസ്രോതസുകള്‍ സത്യവും മി്യയും, വനസംരക്ഷണം, മണ്ണ്‌ സംരക്ഷണം എന്നീ വിഷയങ്ങളെ കുറിച്ച്‌ സംസാരിച്ചു. ‘ഗായത്രി’ വേദിയില്‍ എം.എ റഹ്മാന്‍ സംവിധാനം ചെയ്‌ത ‘കുമരനെല്ലൂരിലെ കുളങ്ങള്‍’ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും തുടര്‍ന്ന്‌ ചര്‍ച്ചയും നടത്തി. മലയാള സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട്‌ ‘കാട്ടുപാട്ട്‌’ എന്ന ഹൃസ്വ നാടകം അവതരിപ്പിച്ചു.
നിളയെ വീണ്ടെടുക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന്‌ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പി പറഞ്ഞു. പരിപാടിയില്‍ ആബിദ്‌ ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം വി.ടി. ബല്‍റാം എം.എല്‍.എ നിര്‍വഹിച്ചു. ഭാരതപ്പുഴ സംരക്ഷണ കര്‍മപദ്ധതിയുടെ സമര്‍പ്പണം ജില്ലാ കലക്‌ടര്‍ എസ്‌. വെങ്കടേസപതി നിര്‍വഹിച്ചു. തിരൂര്‍ സബ്‌ കലക്‌ടര്‍ ഡോ. അദീല അബ്‌ദുള്ള, പൊന്നാനി തഹസില്‍ദാര്‍ പി.ജെ ജോണ്‍, പൊന്നാനി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.പി മുഹമ്മദ്‌ കുഞ്ഞി, ജില്ലാപഞ്ചായത്ത്‌ മെമ്പര്‍ എ.ടി സജിത, അസൈനാര്‍ ഹാജി, എന്നിവര്‍ സംസാരിച്ചു. രാവിലെ 10 മുതല്‍ അഞ്ച്‌ വരെ ‘നിളായജ്ഞം’ ഫോട്ടോ പ്രദര്‍ശനം, കാര്‍ഷിക സര്‍വകലാശാല, ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, മറ്റ്‌ പരിസ്ഥിതി സ്റ്റാളുകളുടെ പ്രദര്‍ശനം എന്നിവ നടത്തി.