കുഞ്ഞാലിക്കുട്ടിയെ മാണി പിന്തുണച്ചേക്കും

മലപ്പുറം: വരാനിരിക്കുന്ന മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിംലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടിയെ കേരള കോണ്‍ഗ്രസ് എം പിന്തുണച്ചേക്കുമെന്ന് സൂചന.

യുഡിഎഫിന് പുറത്തുള്ള കേരള കോണ്‍ഗ്രസിന്റെ പിന്തുണ ആവശ്യപ്പെട്ട് മുസ്ലിംലീഗ് കേരള കോണ്‍ഗ്രസിന് കത്ത് നല്‍കി കഴിഞ്ഞു. കൂടാതെ പി കെ കുഞ്ഞാലിക്കുട്ടി നേരിട്ട് കെ എം മാണിയെ ഫോണില്‍ വിളിച്ച് മണ്ഡലത്തില്‍ പിന്തുണ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മാണിയില്‍ നിന്ന് അനുകൂല പ്രതികരണമാണ് ഉണ്ടായിട്ടുള്ളതെന്നാണ് സൂചന. മുസ്ലിംലീഗുമായി തങ്ങള്‍ക്ക് സ്‌നേഹമാണ് ഉള്ളതെന്നും കത്ത് കേരള കോണ്‍ഗ്രസ് ചര്‍ച്ചചെയ്യുമെന്നും കെ എം മാണി പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണി യുഡിഎഫിന് ഒപ്പമായിരുന്നെങ്കിലും പിന്നീട് യുഡിഎഫ് സംവിധാനത്തിന് പുറത്തുപോവുകയായിരുന്നു. നിയമസഭയ്ക്ക് അകത്ത് കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രത്യേക ബ്ലോക്കായാണ് ഇരിക്കുന്നത്. ഇതിനിടെ മാണി എന്‍ഡിഎ പക്ഷത്തേക്ക് നീങ്ങുന്നതായും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിന് കാര്യമായ സ്വാധീനമില്ലെങ്കിലും മാണിയെ യുഡിഎഫ് പക്ഷത്തേക്കുതന്നെ അടുപ്പിക്കുക എന്ന രാഷ്ട്രീയ ദൗത്യമാണ് ഈ നീക്കത്തിലൂടെ മുസ്ലിംലീഗ് മുന്നോട്ടുവെക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.