മലപ്പുറത്ത്‌ വന്‍ ബ്രൗണ്‍ഷുഗര്‍ വേട്ട;2 പേര്‍ എക്‌സൈസ്‌ പിടിയില്‍

brown sugarകുറ്റിപ്പുറം: മലപ്പുറത്ത്‌ എക്‌സൈസ്‌ നടത്തിയ റെയഡില്‍ വന്‍ മയക്കുമരുന്ന്‌ റാക്കറ്റിലെ മുഖ്യ കണ്ണികള്‍ പിടിയിലായി. പുതുപ്പൊന്നാനി കിണര്‍ കാപ്പുരിന്റെ വീട്ടില്‍ ആസിഫ്‌(23), പൊന്നാനി പോത്തന്നൂര്‍ നെല്ലിക്കര  കാഞ്ഞിരക്കടവത്ത്‌ വീട്ടില്‍ സിറാജുദ്ധീന്‍ (27) എന്നിവരാണ്‌ പിടിയിലായത്‌. പ്രതികളില്‍ നിന്ന്‌ 150 പാക്കറ്റുകളിലായി 13 ഗ്രാം ബ്രൗണ്‍ ഷുഗര്‍ ആണ്‌ പിടികൂടിയത്‌.

ചൊവ്വാഴ്‌ച രാത്രി വാഹനപരിശോധനയ്‌ക്കിടെ എക്‌സൈസ്‌ പാര്‍ട്ടിയെ വെട്ടിച്ച്‌ ബൈക്ക്‌ ഓടിച്ചു പോയ രണ്ട്‌ പേരെ പിന്തുടര്‍ന്ന്‌ എടപ്പാളില്‍ നിന്നും പിടികൂടുകയായിരുന്നു.

പിടിയിലായ സിറാജുദ്ധീനാണ്‌ ബോംബെയില്‍ നിന്നും മയക്കുമരുന്ന്‌ കൊണ്ടുവന്നതെന്നും ഇത്‌ മലപ്പുറം, വേങ്ങര, തിരൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി, നിലമ്പൂര്‍ ഭാഗങ്ങളിലേക്ക്‌ ആവശ്യക്കാര്‍ക്കായി എത്തിച്ചുകൊടുക്കാറാണെന്നും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്‌. പ്രാദേശിക മാര്‍ക്കറ്റില്‍ പൊതിക്ക്‌ 2000 രൂപക്കാണ്‌ വില്‌പന നടത്താറുള്ളതെന്നും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിലമതിക്കാനാകാത്തതും വ്യാപകമായ ആവശ്യക്കാരുള്ള ഇനത്തില്‍പ്പെട്ടതാണിതെന്നും പറയുന്നു. പിടിയിലായ രണ്ടുപേരും നേരത്തെ നിരവധി എക്‌സൈസ്‌, പോലീസ്‌ കേസുകളില്‍ പ്രതികളാണ്‌.

പ്രതികള്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 54.ഇ.2722 ബജാജ്‌ പള്‍സര്‍ വാഹനവും മൂന്ന്‌ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളും കണ്ടെത്തിയിട്ടുണ്ട്‌. ജില്ലയില്‍ വന്‍തോതില്‍ കഞ്ചാവ്‌ ലഭിക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികളടക്കം ഇതിന്റെ ആവശ്യക്കാരാണെന്നും പ്രതികള്‍ സമ്മിതിച്ചു.

കുറ്റിപ്പുറം എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ ഇ.ജെ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ മലപ്പുറം ഇന്റലിജന്‍സ്‌ ഓഫീസര്‍മാരായ ബിനുകുമാര്‍, അഭിലാഷ്‌, ജാഫര്‍, സുനില്‍കുമാര്‍, കമ്മീഷണര്‍ സ്‌ക്വാഡ്‌ അംഗങ്ങളായ ദിപേഷ്‌, ഷിബു, കുറ്റിപ്പുറം റെയ്‌ഞ്ച്‌ ഓഫീസ്‌ അംഗങ്ങളായ എ ഇ ഐ അബ്ദുറഹ്മാന്‍, ലതീഷ്‌, ഗരീഷ്‌, അനീഷ്‌, വിനേഷ്‌ എന്നിവരടങ്ങിയ സംഘമാണ്‌ പിടികൂടിയത്‌.

കഴിഞ്ഞ ഒരുമാസത്തിനിടിയല്‍ മലപ്പ്‌ുറം ജില്ലയിലെ ഇന്റലിജന്‍സ്‌, എക്‌സൈസ്‌ കമ്മീഷണറുടെ സക്വാഡ്‌ എന്നിവരുടെ നേതൃത്വത്തില്‍ നിരവധി കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്‌.

പ്രതികളെ വടകര സ്‌പെഷ്യല്‍ എന്‍ ഡി പി എസ്‌ കോടതിയില്‍ ഹാജരാക്കും.