മലബാര്‍ പ്രീമിയര്‍ ലീഗിന്‌ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കും- മന്ത്രി കുഞ്ഞാലിക്കുട്ടി

mpl logoമലപ്പുറം: മലപ്പുറത്തിന്റെ ഫുട്‌ബോള്‍ വളര്‍ച്ചയില്‍ നിര്‍ണായക ഘടകമാവാന്‍ പോകുന്ന മലബാര്‍ പ്രീമിയര്‍ ലീഗിന്‌ സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന്‌ വ്യവസായ- ഐ.ടി. വകുപ്പ്‌ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലബാര്‍ പ്രീമിയര്‍ ലീഗിന്റെ ലോഗോ, ഭാഗ്യ ചിഹ്നം എന്നിവയുടെ പ്രകാശനം കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. യുവാക്കളുടെ കായികശേഷി വികസിപ്പിക്കുകയും കായികബോധം വളര്‍ത്തുകയും ചെയ്യേത്‌ അവരില്‍ പോസിറ്റീവ്‌ എനര്‍ജി ഉണ്ടാക്കാന്‍ അത്യാവശ്യമാണ്‌. രാഷ്‌ട്രത്തിന്റെ വളര്‍ച്ചയില്‍ ഇത്‌ പ്രധാനപ്പെട്ട ഘടകമാണ്‌. ദേശീയ ഗെയിംസ്‌ കേരളത്തിലെത്തിയത്‌ യുവാക്കളില്‍ പുതിയ ഊര്‍ജം പകര്‍ന്നിട്ടുണ്ട്‌്‌. അതിനെ തുടര്‍ന്ന്‌ മലപ്പുറത്ത്‌ മലബാര്‍ പ്രീമിയര്‍ ലീഗ്‌ വരുന്നത്‌ ഫുട്‌ബോളിന്റെ വളര്‍ച്ചയ്‌ക്ക്‌ മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ പി.ഉബൈദുല്ല എം.എല്‍.എ. അധ്യക്ഷനായി. അന്തര്‍ദേശീയ ഫുട്‌ബോള്‍ താരങ്ങളായ ഐ.എം വിജയന്‍, യു.ഷറഫലി, കുരികേശ്‌ മാത്യൂ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ്‌ മുസ്‌തഫ, വൈസ്‌ ചെയര്‍പെഴ്‌സണ്‍ കെ.എം. ഗിരിജ, ജില്ലാ കലക്‌ടര്‍ കെ. ബിജു, ജില്ലാ പൊലീസ്‌ മേധാവി ദേബേഷ്‌ കുമാര്‍ ബെഹ്‌റ, ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ എ. ശ്രീകുമാര്‍, വൈസ്‌ പ്രസിഡന്റ്‌ എസ്‌.കെ. ഉണ്ണി, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ പി. അഷ്‌റഫ്‌, കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.സി.കെ. അബ്‌ദുറഹ്‌മാന്‍, ജില്ലാ സ്‌പോര്‍ട്‌സ്‌ അസോസിയേഷന്‍ ഭാരവാഹികളായ എം. മുഹമ്മദ്‌ സലീം, സുധീര്‍കുമാര്‍, സി.സുരേഷ്‌, കെ.എ. നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാര്‍ പ്രീമിയര്‍ ലീഗ്‌(എം.പി.എല്‍) ഫുട്‌ബോള്‍ മത്സരങ്ങള്‍ ഏപ്രില്‍ ഏഴ്‌ മുതല്‍ 30 വരെ 15 മത്സരങ്ങളായി കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടത്താനാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. ജില്ലയില്‍ നിന്നും യുവാക്കളായ പുതിയ കളിക്കാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി രൂപവത്‌കരിച്ച മലബാര്‍ പ്രീമിയര്‍ ലീഗിന്‌ കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ അംഗീകാരം ലഭിച്ചിരുന്നു. കലക്‌ടര്‍ ചെയര്‍മാനായുള്ള ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ്‌ മത്സരങ്ങള്‍ നടത്തുക.
ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗീകരിച്ച ക്ലബുകളില്‍ നിന്നാണ്‌ കളിക്കാരെ കെത്തുക. ജില്ലയിലെ എല്ലാ പ്രദേശത്തിനും പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി ജില്ലയെ എട്ട്‌ മേഖലകളായി തിരിച്ചിട്ടുണ്ട്‌. ജില്ലയിലെ ക്ലബുകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെകൂടാതെ പ്രമുഖതാരങ്ങളെയും പങ്കെടുപ്പിക്കും. ജില്ലയിലെ ക്ലബുകളിലെ മികച്ച കളിക്കാര്‍ക്ക്‌ അവസരമൊരുക്കുക, മികച്ച ക്ലബുകളില്‍ കളിക്കാന്‍ വഴിയൊരുക്കുക, മത്സരങ്ങള്‍ നടത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനം ജില്ലയില്‍ കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ വിനിയോഗിക്കുക, ജില്ലയിലെ കളിക്കാര്‍ക്ക്‌ മികച്ച പരിശീലനം ലഭ്യമാക്കുന്നതിനായി ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്‌ മലബാര്‍പ്രീമിയര്‍ ലീഗ്‌ രൂപവത്‌കരിച്ചത്‌.