മലബാര്‍ സിമന്റ്‌സ്‌ എംഡി പത്മകുമാറിന്റെ വീട്ടില്‍ വിജിലന്‍സ്‌ പരിശോധന

Story dated:Thursday September 1st, 2016,01 10:pm

Malabar-cementsപാലക്കാട്‌: മലബാര്‍ സിമന്റ്‌സ്‌ എംഡി കെ പത്മകുമാറിന്റെ വീട്ടിലും ഓഫീസിലും വിജിലന്‍സ്‌ പരിശോധന. മലബാര്‍ സിമന്റ്‌സ്‌ അഴിമതിയുമായി ബന്ധപ്പെട്ടാണ്‌ പരിശോധന നടത്തുന്നത്‌. അഴിമതിയില്‍ പത്മകുമാറടക്കം പതിനൊന്ന്‌ പേരെ പ്രതികളാക്കി വിജിലന്‍സ്‌ കഴിഞ്ഞമാസം രണ്ട്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു.

ഫ്‌ലൈ ആഷ്‌ ഇറക്കുമതിയുമായി ബന്ധപ്പെട്ടും ബാങ്ക്‌ ഗ്യാരന്റി നല്‍കിയതിലുള്ള ക്രമക്കേടുകള്‍ സംബന്ധിച്ചും ഉളളതാണ്‌ കേസുകള്‍. ഇടപാടുകളില്‍ ഇളവു നല്‍കിയതിലും മറ്റുമായി 2.7 കോടി രൂപയുടെ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ്‌ ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യകതമാക്കുന്നത്‌.

ത്വരിതാന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന്‌ കണ്ടിട്ടും കേസെടുക്കാത്ത വിജിലന്‍സിന്റെ നടപടി കഴിഞ്ഞ മാസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന്‌ വിജിലന്‍സ്‌ ഡയറക്ടര്‍ ജേക്കബ്‌ തോമസിന്റെ നിര്‍ദേശപ്രകാരം പാലക്കാട്‌ വിജിലന്‍സ്‌ ഡിവൈഎസ്‌പി സുകുമാരനാണ്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തത്‌.