Section

malabari-logo-mobile

മുഖ്യമന്ത്രി  പിണറായി വിജയന്‍െറ റേഡിയോ സന്ദേശം

HIGHLIGHTS : ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ട്‌ നൂറുദിനങ്ങള്‍ പിന്നിടുകയാണ്‌. ഈ ചെറിയ കാലയളവില്‍ ജനപക്ഷത്തുനിന്നുകൊണ്ട്‌ ഒട്ടേറെ ഇടപെടലുകള്‍ നടത്തുകയാണ്‌....

 

pinarayi vijayanഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ട്‌ നൂറുദിനങ്ങള്‍ പിന്നിടുകയാണ്‌. ഈ ചെറിയ കാലയളവില്‍ ജനപക്ഷത്തുനിന്നുകൊണ്ട്‌ ഒട്ടേറെ ഇടപെടലുകള്‍ നടത്തുകയാണ്‌. സുസ്‌ഥിരമായ വികസനത്തിനുതകുന്ന നിരവധി പദ്ധതികള്‍ക്ക്‌ തുടക്കം കുറിക്കുവാനും കഴിഞ്ഞു. കാര്യമായ മാറ്റം സാധ്യമാകുന്നത്‌ ജനങ്ങള്‍ സര്‍ക്കാരിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പിന്തുണയുമായി അണിചേരുമ്പോഴാണ്‌. ആ തരത്തിലുള്ള പിന്തുണ കാര്യമായ തോതില്‍ ലഭിച്ചിട്ടുണ്ട്‌ എന്നതില്‍ ചാരിതാര്‍ഥ്യമുണ്ട്‌.

നമുക്ക്‌ കുട്ടികളില്‍നിന്ന്‌ തന്നെ തുടങ്ങാം. നാടിന്‍െറ നാളത്തെ ശില്‍പ്പികള്‍ അവരാണല്ലോ. എന്നാല്‍, ലഹരി മരുന്നുകള്‍ സ്‌കൂളുകളിലും കോളേജുകളിലും എത്തിക്കാനും അതുവഴി കുട്ടികളെ ലഹരിക്ക്‌ അടിമകളാക്കാനുമുള്ള നീക്കങ്ങള്‍ നാട്ടില്‍ നടക്കുന്നുണ്ട്‌. ഇതിനെതിരെ കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്‌. ഈ വിപത്ത്‌ തുടച്ചുനീക്കുവാന്‍ സര്‍ക്കാരിനൊപ്പം മാതാപിതാക്കളും അണിചേരണം. നിങ്ങള്‍ കുട്ടികള്‍ക്കായി കാതോര്‍ക്കണം. അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കണം. അവരിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ ശ്രദ്ധിക്കണം. ആവശ്യമെങ്കില്‍ അധ്യാപകരുമായി സംസാരിക്കണം. കൗണ്‍സിലിംഗ്‌ സേവനങ്ങള്‍ ഉപയോഗിക്കണം. ഒരുമിച്ച്‌ ശ്രമിച്ചാല്‍ നമുക്ക്‌ എത്രയും പെട്ടെന്ന്‌ ലഹരിയെന്ന മഹാവിപത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കും.

sameeksha-malabarinews

ലഹരിപോലെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന മറ്റൊരു പ്രധാനപ്രശ്‌നമാണ്‌ മാലിന്യം. സാക്ഷരതയില്‍ ഏറെ മുന്നിലുള്ള നമ്മള്‍ മാലിന്യങ്ങള്‍ യഥേഷ്‌ടം പൊതുവഴിയിലേക്കും മറ്റുള്ളവരുടെ പറമ്പുകളിലേക്കും വലിച്ചെറിയുന്നു. ഇതിന്‌ ഒരു മാറ്റം വേണം. കഴിയുന്നത്ര മാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ സംസ്‌കരിക്കണം. അതിനു കാരണമാകുന്ന വസ്‌തുക്കളുടെ ഉപയോഗം പരമാവധി കുറയ്‌ക്കണം. തുറസ്സായ സ്‌ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ഇല്ലാത്ത മാലിന്യ വിമുക്‌തമായൊരു കേരളം നമുക്ക്‌ സാധ്യമാക്കണം. അതിന്‌ നിങ്ങളുടെ പൂര്‍ണമായ സഹകരണം ഈ സര്‍ക്കാരിന്‌ ഉണ്ടാകണം.

നമ്മുടെ കേരളം അടിയന്തിരമായി സ്വയംപര്യാപ്‌തമാകേണ്ടത്‌ ഭക്ഷ്യമേഖലയിലാണ്‌. ഇതിന്‍െറ തുടക്കം പച്ചക്കറിയില്‍ നിന്നാകാം. നമ്മുടെ പറമ്പുകളില്‍, വീടുകളില്‍, മട്ടുപ്പാവുകളില്‍ ഒക്കെ നമുക്ക്‌ ചെറിയ ചെറിയ പച്ചക്കറിത്തോട്ടങ്ങളുണ്ടാക്കാം. വിഷാംശമില്ലാത്ത പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുമ്പോള്‍ സ്വയംപര്യാപ്‌തമായ, ആരോഗ്യപൂര്‍ണമായ ഒരു തലമുറയെ നമുക്ക്‌ വാര്‍ത്തെടുക്കാന്‍ സാധിക്കും.

നാടിന്‍െറ നിലനില്‍പ്പിനും അതിജീവനത്തിനും അനിവാര്യമാണ്‌ ജനങ്ങളുടെ ഒരുമയും ഐക്യവും. അതുതകര്‍ക്കാന്‍ പല ഛിദ്രശക്‌തികളും ശ്രമിക്കുന്നുണ്ട്‌. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി മനുഷ്യമനസുകളുടെ ഒരുമ കാത്തുരക്ഷിക്കാന്‍ പ്രതിജ്‌ഞാബദ്ധമാണ്‌ ഈ ഗവണ്‍മെന്‍റ്‌. ഇതിനുള്ള നീക്കങ്ങളില്‍ നിങ്ങള്‍ ഒപ്പമുണ്ടാകണം.

ദീര്‍ഘകാലാടിസ്‌ഥാനത്തിലുള്ള നാടിന്‍െറ വികസനത്തിനും അടിയന്തിരമായുള്ള ആശ്വാസപ്രവര്‍ത്തനത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഒരു ദ്വിമുഖ പരിപാടിയാണ്‌ സര്‍ക്കാര്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌.

പരിമിതികള്‍ ഏറെയുണ്ട്‌, എന്നാല്‍ നാടിന്‍െറ വികസനം, ജനങ്ങളുടെ ക്ഷേമം എന്നീ കാര്യങ്ങള്‍ക്ക്‌ ഒരുവിധ പരിമിതിയും തടസ്സമായിക്കൂടാ. ഈ നിശ്‌ചയത്തോടെയാണ്‌ നീങ്ങുന്നത്‌. ഒരുവശത്ത്‌, മൂലധനനിക്ഷേപത്തിനും അടിസ്‌ഥാന സൗകര്യവികസനത്തിനും ഊന്നല്‍ നല്‍കുന്നു. മറുവശത്ത്‌, ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ച്‌ മുമ്പോട്ടു പോകുന്നു. സ്‌ത്രീസുരക്ഷ, തൊഴിലവസരമുണ്ടാക്കല്‍, വിലക്കയറ്റ നിയന്ത്രണം, ന്യായവില ഉറപ്പാക്കല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ ചെയ്‌തുപോരുകയാണ്‌. ഇവയുടെയൊക്കെ പ്രതിഫലനം നാട്ടില്‍ കണ്ടുതുടങ്ങിയിട്ടുമുണ്ട്‌.

ഇതുപോലുള്ള ക്രിയാത്‌മകമായ പ്രവര്‍ത്തനങ്ങള്‍ വരുംനാളുകളില്‍ കൂടുതല്‍ ശക്‌തമായി മുമ്പോട്ടുകൊണ്ടുപോകേണ്ടതുണ്ട്‌. സമൂഹത്തിന്‍െറ എല്ലാ മേഖലകളിലും സമതുലിതമായ വികസനമാണ്‌ ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. കഴിഞ്ഞ നൂറുദിനങ്ങള്‍ പോലെത്തന്നെ ഇനിയുള്ള ദിവസങ്ങളിലും മികച്ച പ്രവര്‍ത്തനങ്ങളുമായി നിങ്ങളോടൊപ്പം ഉണ്ടാകുമെന്നും നാടിന്‍െറ സമഗ്രപുരോഗതി സാധ്യമാക്കാന്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുമെന്നും നിങ്ങള്‍ക്ക്‌ ഉറപ്പുതരുന്നു.

നിങ്ങള്‍ക്കെന്‍െറ ഹൃദയംനിറഞ്ഞ ഓണം, ബക്രീദ്‌ ആശംസകള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!