മാണൂര്‍ പീഡന കേസ്‌; ഒരാള്‍ കൂടി അറസ്റ്റില്‍

Untitled-1 copyകോട്ടക്കല്‍: പൊന്മള മാണൂര്‍ പീഡനക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോട്ടക്കല്‍ ഇന്ത്യനൂര്‍ മുളഞ്ഞിപ്പുലാന്‍ നൗഷാദ്‌(38) ആണ്‌ കോട്ടക്കല്‍ പൊലീസിന്റെ പിടിയിലായത്‌. ഇന്ത്യനൂരില്‍ ക്വാറിയുടമയായ നൗഷാദ്‌ പീഡനം നാട്ടില്‍ പാട്ടായതോടെ വിദേശത്തേക്ക്‌ കടക്കുകയായിരുന്നു. നൗഷാദ്‌ നാട്ടില്‍ തിരിച്ചെത്തിയശേഷം തിരിച്ചു വിദേശത്തേക്ക്‌ തിരിക്കാനിരിക്കേയാണ്‌ ഇന്ത്യനൂരിലെ വീട്ടില്‍ നിന്ന്‌ പൊലീസിന്റെ പിടിയിലായത്‌.

തിരൂര്‍ സി ഐ മുഹമ്മദ്‌ ഹനീഫക്കാണ്‌ അന്വേഷണ ചുമതല. പൊന്മള മാണൂരിലെ ക്വോര്‍ട്ടേഴ്‌സ്‌ കേന്ദ്രീകരിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ മാതാവ്‌ പലര്‍ക്കായി കാഴ്‌ച്ചവെച്ചത്‌ കഴിഞ്ഞ ജൂലൈയിലാണ്‌ പുറംലോകമറിഞ്ഞത്‌. ജില്ലക്കും പുറത്തും പെണ്‍കുട്ടികളെ മാതാവും കൂട്ടാളികളും ഇടപാടുകാര്‍ക്കായി എത്തിച്ചിട്ടുണ്ട്‌. കേസില്‍ മാതാവടക്കം ആറു പേര്‍ നേരത്തെ പിടിയിലായിരുന്നു.

പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്‌തു.