ബിജു രമേശനെതിരെ കെഎം മാണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

maniതിരുവനന്തപുരം: തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിനെതിരെ ധനമന്ത്രി കെ എം മാണി തിരുവനന്തപുരം സബ് കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തു. 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആരോപണം പിന്‍വലിച്ച് മാപ്പു പറയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

മാണിക്കു വേണ്ടി കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ആന്റണി രാജുവാണ് ഹര്‍ജി നല്‍കിയത്. പൂട്ടിയ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.

അതേസമയം കേസ് നല്‍കാന്‍ വൈകിയത് കോടതിയില്‍ കെട്ടിവയ്ക്കാനുള്ള തുക കണ്ടെത്താന്‍ കഴിയാതിരുന്നത് കൊണ്ടാണെന്ന് ആന്റണി രാജു പറഞ്ഞു. 10 കോടിയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്യണമെങ്കില്‍ 10 ലക്ഷം രൂപ കോടതി ഫീസായി കെട്ടിവയ്ക്കണം. ഇത് സ്വരൂപിക്കാന്‍ വൈകിയെന്നും അദ്ദേഹം പറഞ്ഞു. ബിജു രമേശിനെതിരായ നിയമനടപടി സിവില്‍ കേസ് കൊണ്ട് മാത്രം തീരില്ല, ക്രിമിനല്‍ കേസ് നല്‍കുമെന്നും ആന്റണി രാജു പറഞ്ഞു.