ചുംബന സമരം നടത്തി

സമരക്കാരെ അറസ്റ്റ്‌ ചെയ്‌ത്‌ പോലീസ്‌ വാഹനത്തില്‍ കയറ്റിയപ്പോള്‍
സമരക്കാരെ അറസ്റ്റ്‌ ചെയ്‌ത്‌ പോലീസ്‌ വാഹനത്തില്‍ കയറ്റിയപ്പോള്‍

കൊച്ചി: പോലീസും മത സദാചാര പോലീസുകാരും കൈകോര്‍ത്തിട്ടും കിസ്സ്‌ ഓഫ്‌ ലവ്‌ പ്രവര്‍ത്തകര്‍ മറൈന്‍ഡ്രൈവില്‍ മറൈന്‍ഡ്രൈവില്‍ സദാചാര ഗുണ്ടായിസത്തിനെതിരെ ചുംബന സമരം നടത്തി.

ആര്‍എസ്‌സ്സെും യുവമോര്‍ച്ചയും, എസ്‌ഡിപിഐയും, എസ്വൈഎസും ,ശിവസേനയും, കെഎസ്‌യുവും ഒന്നച്ചെതിര്‍ക്കാന്‍ അണി നിരന്നപ്പോള്‍ പതിനഞ്ചോളം വരുന്ന കിസ്സ്‌ ഓഫ്‌ ലവ്‌ പ്രവര്‍ത്തകര്‍ പൊലീസിന്റെയും സമരത്തെ എതിര്‍ക്കുന്നവരുടെയും കണ്ണുവെട്ടിച്ച്‌ മറൈന്‍ഡ്രൈവില്‍ നാടകീയമായി പ്രത്യക്ഷപ്പെടുകയായിരുന്നു. പ്രതിഷേധക്കാര്‍ സദാചാര ഗുണ്ടായിസത്തിനെതിരെ പോസ്‌റ്ററുകളും ബാനറുകളും ഉയര്‍ത്തി. ചില പ്രവര്‍ത്തകര്‍ ആലിംഗനം ചെയ്‌തും ഉമ്മവച്ചും പ്രതിഷേധിച്ചു.

മുന്നുമണിയോടെ തന്നെ സമരത്തെ കുറിച്ചറിഞ്ഞ്‌ വന്‍ജനാവലിയാണ്‌ മറൈന്‍ഡ്രൈവിലെത്തിയത്‌. സമരക്കാര്‍ക്കെതിരെ പ്രതിഷേധവുമായി സംഘടനകളും രംഗത്തെത്തി. സ്‌ത്രീകളെ അപമാനിക്കുന്ന തരത്തില്‍ വേഷമണിഞ്ഞ പ്രതിഷേധങ്ങളും കാണാമായിരുന്നു. ഇതിനിടെ മൂന്നരമണിയോടെ കിസ്സ്‌ ഓഫ്‌ ലവ്‌ പ്രവര്‍ത്തകര്‍ ലോകോളേജ്‌ പരിസരത്തു നിന്ന്‌ പ്രകടനം ആരംഭിച്ചു. എന്നാല്‍ ഇവിടെ വച്ചു തന്നെ പോലീസ്‌ സമരക്കാരെ തടയുകയും അറസ്‌റ്റ്‌ ചെയ്‌തു നീക്കുകയുമായിരുന്നു. തുടര്‍ന്ന്‌ എല്ലാം ശാന്തമായെന്ന്‌ കരുതിയ സമയത്താണ്‌ പോലീസിനെയും സദാചാര പ്രതിഷേധക്കാരെയും ഞട്ടിച്ച്‌ കൊണ്ട മറഞ്ഞിരുന്ന കിസ്‌ ഓഫ്‌ ലവ്‌ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രതിഷേധ സമരവുമായി ഒത്തു കൂടിയത്‌.

ആയിരത്തോളം പോലീസുകാരെയാണ്‌ മറൈന്‍ഡൈവില്‍ വിന്ന്യസിപ്പിച്ചിരുന്നത്‌. പ്രതിഷേധത്തിനിടെ നാലുതവണ പോലീസ്‌ ലാത്തിവീശി. അക്രമാസക്തരാകുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്‌തവരോട്‌ മൃദു സമീപനം കൈക്കൊണ്ട പോലീസ്‌ സമരക്കാരെ അറസ്റ്റുചെയ്‌ത്‌ നീക്കാനാണ്‌ ശ്രമിച്ചത്‌. സ്‌ത്രീകളടക്കമുള്ള സമരക്കാരെ ബലപ്രയോഗത്തിലൂടെയാണ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കിയത്‌.

കോഴിക്കോട്‌ ഡൗണ്‍ ടൗണ്‍ റസ്‌റ്റോറന്റ്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സദാചാര ഗുണ്ടായിസത്തിന്റെ ഭാഗമായി അടിച്ചുതകര്‍ത്തതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഡൗണ്‍ ടൗണില്‍ കമിതാക്കള്‍ ഉമ്മവെക്കുന്നു വെന്ന പരാതിയാണ്‌ യുവമോര്‍ച്ച അന്ന്‌ ഉയര്‍ന്നിയത്‌. ഇതെ തുടര്‍ന്നാണ്‌ ഇത്തരം സദാചാര പോലീസിങ്ങിനെതിരെ കിസ്‌ ഓഫ്‌ ലവ്‌ എന്ന കൂട്ടായിമ രൂപപ്പെടുന്നത്‌. പ്രവര്‍ത്തകര്‍ കൂട്ടായിമ സംഘടിപ്പിച്ചത്‌ വാട്ട്‌സ്‌ ആപ്പ്‌, ഫേസ്‌ബുക്ക്‌ പോലെയുള്ള നവമാധ്യമങ്ങളിലൂടെയായിരുന്നു.