കേരളത്തിലെ ആദ്യ സ്‌മാര്‍ട്ട്‌ പൊലീസ്‌ സ്റ്റേഷന്‍ മലപ്പുറത്ത്‌

DISTRICT POLICE OFFICE- ANNEX INAUGURATION 1മലപ്പുറം: കേരളത്തിലെ ആദ്യ സ്‌മാര്‍ട്ട്‌ പൊലീസ്‌ സ്റ്റേഷന്‍ മലപ്പുറത്ത്‌ തുടങ്ങുമെന്ന്‌ ആഭ്യന്തര-വിജിലന്‍സ്‌ വകുപ്പ്‌ മന്ത്രി രമേശ്‌ ചെന്നിത്തല അറിയിച്ചു. ജില്ലാ പൊലീസ്‌ ഓഫീസ്‌ അനക്‌സ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ എല്ലാ പൊലീസ്‌ സ്റ്റേഷനുകളും സ്‌മാര്‍ട്ട്‌ പൊലീസ്‌ സ്റ്റേഷനുകളാക്കുകയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കേരളാ പൊലീസിനെ ജനസൗഹൃദ പൊലീസാക്കുന്നതിന്റെ ഭാഗമായാണ്‌ കൗണ്‍സലിങ്‌ സെന്റര്‍ പോലുള്ള സംരഭങ്ങള്‍ ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളാ പൊലീസിലെ ഒഴിവുകള്‍ നികത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കാലങ്ങളായി തുടരുന്ന എ.ആര്‍ ക്യാംപിലെ സീനിയോറിറ്റി പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളാ ഫയര്‍ഫോഴ്‌സിനായി 90 പുതിയ വാട്ടര്‍ ടാങ്കറുകള്‍ കൂടി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. പി ഉബൈദുല്ല എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ സുഹ്‌റ മമ്പാട്‌, മലപ്പുറം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്‌ മുസ്‌തഫ, മലപ്പുറം നഗരസഭ കൗണ്‍സിലര്‍ കെ.പി അനില്‍, ജില്ലാ കലക്‌ടര്‍ കെ ബിജു , എം.എസ്‌.പി കമാണ്ടന്റ്‌ ഉമ, പൊലീസ്‌ അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൃശുര്‍ റെയ്‌ഞ്ച്‌ ഐ.ജി ടി.ജെ ജോസ്‌ സ്വാഗതവും ജില്ലാ പോലീസ്‌ മേധാവി ദേബേഷ്‌ കുമാര്‍ ബെഹറ നന്ദിയും പറഞ്ഞു.

ഫാമിലി ക്രൈം പ്രിവെന്‍ഷന്‍ കൗണ്‍സലിങ്‌ സെന്റര്‍, സീനിയര്‍ സിറ്റിസണ്‍സ്‌ സര്‍വീസ്‌ ബ്യൂറോ, ടൂറിസ്റ്റ്‌ പ്രൊട്ടക്ഷന്‍ ആന്‍ഡ്‌ പൊലീസ്‌ അസിസ്റ്റന്‍സ്‌ സെന്‍റര്‍, കമ്മ്യൂനിറ്റി പൊലീസ്‌ റിസോഴ്‌സ്‌ സെന്‍റര്‍, ഫോറിനേഴ്‌സ്‌ ഫെസിലിറ്റേഷന്‍ സെന്റര്‍, വിസിറ്റേഴ്‌സ്‌ റൂം എന്നിവയടങ്ങുന്നതാണ്‌ ജില്ലാ പൊലീസ്‌ ഓഫീസ്‌ അനക്‌സ്‌.