ജിദ്ദയില്‍ സ്‌കൂള്‍ കാന്റീനുകളിലും സ്വദേശിവത്കരണം നിര്‍ബന്ധമാക്കി

untitled-1-copyജിദ്ദ: സൗദിയിലെ സ്വകാര്യ സ്‌കൂളുകളിലും ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലുമടക്കം എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളിലെയും കാന്റീന്‍ നടത്തിപ്പ് സ്വദേശിവത്കരിണമെന്ന് വിദ്യഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. ഈ മേഖലയില്‍ സ്വദേശികളെയല്ലാതെ വിദേശികളെ ഒരുകാരണവശാലും നിയമിക്കരുതെന്നു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

വിദ്യഭ്യാസ സ്ഥാപനങ്ങളിലെ കാന്റീന്‍ സൗകര്യങ്ങള്‍ മന്ത്രാലയം നിര്‍ദേശിച്ച ഗുണനിലവാരം കാത്തുസൂക്ഷിക്കണമെന്നും ക്യാന്റീന്‍ ജീവനക്കാര്‍ക്ക് പ്രത്യേക ഡ്രസ് കോഡ് ഉണ്ടായിരിക്കണമെന്നും പറയുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മികച്ച ഗുണനിലവാരമുള്ളവയും ആരോഗ്യ സുരക്ഷ നിയമങ്ങള്‍ പാലിക്കുന്നവയുമായിരിക്കണം. നിറങ്ങള്‍ ചേര്‍ത്ത പൊട്ടറ്റോ ചിപ്‌സുകള്‍, മധുരപലഹാരങ്ങളും മറ്റും വില്‍ക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.

ഇതിനെല്ലാം പുറമെ ക്യാന്റീന്‍ ആരംഭിച്ച് ഒരുമാസത്തിനുള്ളില്‍ തൊഴില്‍ കരാറുണ്ടാക്കണമെന്ന് വിദ്യഭ്യാസ സ്ഥാപനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു. വില്‍പന വിഭാഗത്തില്‍ ഓരോ 150 കുട്ടികള്‍ക്കും ഒരു ജീവനക്കാരനെയോ ജീവനക്കാരിയെയോ നിയമിക്കാമെന്നും പ്രാദേശിക വിപണിയേക്കാള്‍ യാതൊരുകാരണവശാലും വില വര്‍ധിപ്പിക്കാന്‍ പാടില്ലെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.